ആളുമാറി അക്കൗണ്ടിലെത്തിയത് 70,000 രൂപ; തിരിച്ചേല്‍പ്പിച്ച് വീട്ടമ്മ

മങ്കര: ആളുമാറി തന്റെ സേവിംഗ്സ് അക്കൗണ്ടിലെത്തിയ പണം ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കി വീട്ടമ്മ മാതൃകയായി. മങ്കര കല്ലൂര്‍ കരടിമലക്കുന്നിലെ ബാലകൃഷ്ണന്റെ ഭാര്യ ശ്യാമയാണ് തന്റെ അക്കൗണ്ടിലെത്തിയ 70,000 രൂപ തിരികെ വി.ഇ.ഒ. ബിന്ദു മോഹന്‍ദാസിനെ ഏല്പിച്ചത്. ശ്യാമയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീടുനിര്‍മാണത്തിനുള്ള ധനസഹായം ലഭിച്ചിരുന്നു. വീടുനിര്‍മാണം നടന്നുവരികയാണ്. മൂന്നാമത്തെ ഗഡു ചുമര്‍പണി പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുമെന്ന് വി.ഇ.ഒ. പറഞ്ഞിരുന്നു. മൂന്നാംഗഡു 48,000 രൂപയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍, പണി നടക്കവേ അക്കൗണ്ടില്‍ 70,000 രൂപ നിക്ഷേപിച്ചതായി സന്ദേശം ലഭിച്ചു. അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ട് നമ്പര്‍ മാറിയെത്തിയതാണെന്ന് മനസ്സിലായത്. പറളിപഞ്ചായത്തിലെ ഒരു ഗുണഭോക്താവിന് ലഭിക്കേണ്ട പണമാണ് ശ്യാമയ്ക്ക് ലഭിച്ചത്. തുടര്‍ന്ന്, ശ്യാമ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് വെള്ളിയാഴ്ച രാവിലെ വി.ഇ.ഒ.യ്ക്ക് കൈമാറി. പണം ബ്ലോക്ക് അധികാരികള്‍ക്ക് കൈമാറിയതായി വി.ഇ.ഒ. അറിയിച്ചു.

എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലും മദീനയിലും പ്രവേശനം നല്‍കും

റിയാദ്: എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശനം നല്‍കുന്നു. ഹജ്, ഉംറ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. റമദാനില്‍ ഉംറക്കായുള്ള അനുമതി നിര്‍ത്തലാക്കിയിട്ടില്ല. പ്രായഭേദമില്ലാതെ കുട്ടികള്‍ക്ക് ഹറമിലേക്ക് പ്രവേശനം നല്‍കുവാനാണ് തീരുമാനം വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കും. സൗദി ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം സഈദ് ആണ് ഇതുസംബന്ധമായി അറിയിച്ചത്. നമസ്‌കാരങ്ങള്‍ക്കായി ഹറമില്‍ പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയത് എടുത്തുകളഞ്ഞിട്ടുണ്ട്. ഇതോടെ ബന്ധുക്കളുടെ കൂടെ എത്തുന്ന ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഹറമുകളില്‍ പ്രവേശിക്കാനാകും. അതേസമയം ഉംറക്കും റൗദ സന്ദര്‍ശനത്തിനും കുട്ടികള്‍ക്കുകൂടി അനുമതി നല്‍കും. ഉംറ ബുക്കിംഗ് പൂര്‍ത്തിയായെന്ന പ്രചരണം ശരിയല്ല. റമദാനില്‍ ഉംറക്കായുള്ള അനുമതി ഇപ്പോഴും ലഭ്യമാണ്. ഇപ്രാവശ്യം ഹജ് നിര്‍വഹിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കള്ളന്മാരെ പേടിച്ച് 20 പവനും 15,000 രൂപയും വീട്ടമ്മ കുഴിച്ചിട്ടു, സ്ഥലം മറന്നു; ഒടുവില്‍ പോലീസ് എത്തി കുഴിച്ചെടുത്തു

ഓച്ചിറ (കൊല്ലം): വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ കള്ളന്മാരെ പേടിച്ച് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ടത് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും. എന്നാല്‍ എവിടെയാണ് കുഴിച്ചിട്ടതെന്ന് വീട്ടമ്മ മറന്നതിനാല്‍, പോലീസ് പറമ്പ് കുഴിച്ച് ഇവ കണ്ടെടുത്തു. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ (ചന്ദ്രജ്യോതി) അജിതകുമാരി 65)യാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവ് രാമവര്‍മത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് കുഴിച്ചിട്ടത്. ഏകമകന്‍ വിദേശത്താണ്. ബന്ധുവീട്ടില്‍നിന്ന് തിരികെ വന്നതിനേ തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ സ്വര്‍ണവും പണവും തിരികെ എടുത്തില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു. ബുദ്ധിമുട്ടാകുമോയെന്ന് ഭയന്ന് പോലീസില്‍ അറിയിച്ചില്ലെന്ന് അജിതകുമാരി പറയുന്നു.. ഇതിനിടെ പറമ്പുകുഴിച്ച് സ്വര്‍ണവും പണവും രേഖകളും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം വാര്‍ഡ് അംഗം ആനേത്ത് സന്തോഷിനെ അറിയിച്ചു. വാര്‍ഡ് അംഗം ഇവരുമൊത്ത് ഓച്ചിറ…

മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനില്‍, രാജു എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചതാണ്് പണം. ഈ ദിവസങ്ങളില്‍ കുഴല്‍പ്പണം കടത്ത് വര്‍ധിക്കുമെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 4 കോടി രൂപയാണ് മലപ്പുറത്തുനിന്ന് പിടികൂടിയത്. മുന്‍പ് മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു കുഴല്‍പ്പണം കടത്തെങ്കില്‍ ഇപ്പോള്‍ തൃശൂര്‍, എറണാകുളം ലോബികളാണ് കള്ളക്കടത്തിന് പിന്നില്‍.

ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും; പരാതികള്‍ ഏഴായി

കൊച്ചി: കൊച്ചിയിലെ ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശ വനിതയും. സ്‌പെയിന്‍ സ്വദേശിനിയാണ് ഇമെയില്‍ വഴി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ട് സ്റ്റുഡിയോയില്‍ ടാറ്റു ചെയ്യുന്നതിനിടെ സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ കൊച്ചിയിലെ ഒരു കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി. ഇതോടെ സുജേഷിനെതിരായ പരാതികളുടെ എണ്ണം ഏഴായി. നേരത്തെ പാലാരിവട്ടം സ്‌റ്റേഷനില്‍ നാലും ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ രണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കേരള ബജറ്റ് 2022-23: പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമ്രന്തി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല. മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ സഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. കോവിഡ് മൂന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനില്‍ക്കും. ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നത്. പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തിക വളര്‍ച്ച…

അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു; ശനിയാഴ്ച പാലക്കാട് പ്രദേശിക ഹര്‍ത്താല്‍

പാലക്കാട്: അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. അരുണ്‍ കുമാറാണ് മരിച്ചത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയില്‍ അരുണ്‍ കുമാറിന് കുത്തേറ്റത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരുണ്‍ കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ 1175 പേര്‍ക്ക് കൂടി കോവിഡ്; ആകെ മരണം 66,762 ആയി

കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1015 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 142 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 10,511 കോവിഡ് കേസുകളില്‍, 9.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

ജ്വല്ലറിയില്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ഥിനി; പണം മുടി സട്രെയിറ്റ് ചെയ്യാനെന്ന്

തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളിയാഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് 25,000 രൂപ മോഷ്ടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി. മുടി സ്‌ട്രെയിറ്റ് ചെയ്യാനുള്ള പണം കണ്ടെത്താനായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ പോലീസ് കുട്ടിയേയും രക്ഷിതാക്കളെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു. പണം തിരികെ നല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമ കേസ് പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കോളജ് വിദ്യാര്‍ഥിനിയാണ് മോഷണം നടത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മോഷ്ടാവെന്ന് വ്യാഴാഴ്ചയോടെയാണ് പോലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസം പല്ലുവേദന എന്ന പേരിലാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്. അവിടെ നിന്നും നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥിനിയുടെ പക്കല്‍ ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട പണമില്ലായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ഥിനി സമീപത്തെ…

വിവാഹത്തിന് ഒരുങ്ങാനെത്തിയ യുവതികളെ പീഡിപ്പിച്ചു; കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പരാതി; പ്രതി മുങ്ങി

കൊച്ചി: എറണാകുളത്തെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതി. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവതികള്‍ പീഡന വിവരം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്. അതേസമയം, ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന. ഇതേക്കുറിച്ച് പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് കൊച്ചി ഡി.സി.പി. വി.യു കുര്യാക്കോസ് പറഞ്ഞു. യുവതികളുടെ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു. കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ഇയാളുടെ സ്റ്റുഡിയോയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ഇതോടെ ഇയാള്‍ ഒളിവിൽ പോയതായാണ് വിവരം. കൊച്ചിയിൽ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ…