ഭാരമില്ലാത്ത പൊങ്ങുതടി പോലെ തന്‍റെ ശരീരം..ആശ്രയത്തിനായുള്ള ആഗ്രഹത്തില്‍ തളര്‍ന്ന കൈകാലുകള്‍…. തണുപ്പിലൂടെ അനസ്യൂതം താഴോട്ട് പതിക്കുമ്പോഴാണ്, ശ്വാസകോശം കൈയ്യടക്കിയ ഉച്ഛാസ വായു ജീവന്‍ ഊറ്റിയെടുക്കും എന്ന ബോധം മനസ്സിനെ ആക്രമിച്ചത്. അലറിക്കരഞ്ഞപ്പോള്‍ ചുണ്ടിനപ്പുറം സഞ്ചരിക്കാന്‍ സ്വതന്ത്രമല്ലാത്ത ശബ്ദം തുടക്കത്തില്‍ തന്നെ ഒടുങ്ങി. പായല്‍ പടര്‍ന്ന കറുത്ത ചെളിയില്‍ കാലുകള്‍ തട്ടിയപ്പോള്‍, ഇളകുന്ന ജലത്തിനും ഉരുകുന്ന സൂര്യനും ഇടയിലെ ജീവവായുവിനായി, മരണവെപ്രാളത്തിന്‍റെ പിന്‍ബലത്തോടെ ശരീരം ഉയരാന്‍ തുടങ്ങി. വെള്ളത്തിന് മുകളില്‍ പരന്ന വെളിച്ചം കണ്ണിലും ശുദ്ധവായു നെഞ്ചിലുമെത്തി. പക്ഷെ കാലുറയ്ക്കാന്‍ പ്രതലം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ജലത്തിന്‍റെ ആലിംഗനത്തിലേക്ക്. ജീവനാഡിയിലെ മരണത്തിന്‍റെ തണുത്ത കൈകള്‍ മുറുകാന്‍ തുടങ്ങി. കണ്ണു തുറക്കുമ്പോള്‍ വിഷാദച്ചിരിയുമായി ഡോക്ടര്‍ ഡയാന തൊട്ടടുത്ത് തന്നെയുണ്ട്. കൈയ്യില്‍ നനഞ്ഞ പഞ്ഞി. ചുറ്റുവട്ടവും കൂടി നില്‍ക്കുന്ന നഴ്സുമാര്‍. ഡോക്ടറുടെ വിരലുകള്‍ നെറ്റിയില്‍ സാന്ത്വനത്തിന്‍റെ ചൂടുമാ യെത്തി. “എന്താ സൂസന്‍, ക്ഷീണമുണ്ടോ..?”…
