യെമന്‍ പൗരനെ വധിച്ച കേസ്: മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ മലയാളി നഴ്‌സ് നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കോടതി തള്ളി. നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു.

ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ച യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദി തന്റെ പാസ്‌പോര്‍ട്ട് തട്ടിയെടുത്തുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി പീഡിപ്പിച്ചുവെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊലപാതകം നടന്നെതന്നുമാണ് നിമിഷ പ്രിയയുെട വാദം. ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല.

അപ്പീല്‍ കോടതിയും ഹര്‍ജി തള്ളിയതോടെ ഇനി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയാണ് നിമിഷ പ്രിയയുടെ മുന്നിലുള്ള മാര്‍ഗം. യെമന്‍ പ്രസിഡന്റ് അടങ്ങുന്ന സമിതിയാണിത്. കോടതികള്‍ക്ക് നിയമപരമായ എന്തെങ്കിലും പിഴവ് സംഭവിച്ചാലാണ് കൗണ്‍സില്‍ കേസ് പരിഗണിക്കുക.

കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് രക്തപ്പണം നല്‍കി ശിക്ഷ ഒഴിവാക്കുക എന്ന ഉപാധിയുമുണ്ട്. എന്നാല്‍ യെമന്‍ പൗരന്റെ കുടുംബാംഗങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിക്കു മുന്നില്‍ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.

2017 ജൂലായിലാണ് സംഭവം നടന്നത്. തലാല്‍ അബ്ദു മെഹ്ദിയെ നിമിഷയും മറ്റൊരു സഹപ്രവര്‍ത്തകയും ചേര്‍ന്ന വിഷം കുത്തിവച്ച് കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ യെമനില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News