യെമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സേവ് നിമിഷ പ്രിയ കമ്മിറ്റി

പാലക്കാട്: സ്വദേശിയെ വധിച്ച കേസില്‍ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സേവ് നിമിഷ പ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മറ്റി. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച ആരംഭിച്ചു. ദയാധനമായി രണ്ട് കോടി രൂപവരെ നല്‍കേണ്ടി വന്നേക്കാം. ഈതുക ഒരുമാസത്തിനകം കണ്ടെത്തണം. വധിശിക്ഷയ്‌ക്കെതിരെ ഉടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു

തിങ്കളാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി ശരിവച്ചത്. ഇതോടെ എല്ലാ വഴികളും അടഞ്ഞുവെന്ന പ്രചാരണം ശരിയല്ലെന്ന് സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മറ്റി വൈസ് ചെയര്‍പേഴ്ണും അഭിഭാഷകയുമായ ദീപ ജോസഫ് പറഞ്ഞു. അനകൂല വിധിക്ക് സാധ്യത കുറവാണെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കൊല്ലപ്പെട്ട യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ ഹമദിയുടെ കുടുംബത്തിന് ദയാധനം നല്‍കിയാലും വധശിക്ഷ ഒഴിവാകും.

ജനകീയ പിരിവിലൂടെ ദയാധനം സ്വരൂപിക്കാനാണ് ശ്രമം. 2017 ജൂലൈയില്‍ തലാല്‍ ഹമദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് നിമിഷക്കെതിരായ കേസ്. യെമനില്‍ നഴ്‌സായി ജോലി ചെയ്യവേ സ്വന്തമായി ക്ലിനിക്ക് ഉണ്ടാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ച തലാല്‍ ഹമദി തടഞ്ഞുവെച്ച് മര്‍ദ്ദിച്ചുവെന്നും, ആത്മരക്ഷാര്‍ത്ഥമാണ് കൊല ചെയ്തതെന്നുമാണ് നിമിഷയുടെ വാദം.

 

 

Print Friendly, PDF & Email

Leave a Comment

More News