ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചറുമായി സഹകരിച്ച് സംഘടിപ്പിച്ച സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവല്‍ ഹൃദ്യമായി. ഇന്ത്യയുടെ വൈവിധ്യവും പ്രതാപവും സൗന്ദര്യവും വെളിപ്പെടുത്തി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ദാര്‍ അല്‍-അതര്‍ അല്‍-ഇസ്ലാമിയ്യ മ്യൂസിയം-യര്‍മൂക്ക് കള്‍ച്ചറല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ 11ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് തികയാന്‍ ഇനി 25 വര്‍ഷമാണുള്ളത്. ഇപ്പോള്‍ മുതല്‍ നാം അത് ആഘോഷിക്കുകയാണ്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേതുകൂടിയാണ് ഈ കാലം. സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ ഉത്സവം കുവൈറ്റിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 50,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കുന്നതായും അംബാസഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

രണ്ടുവര്‍ഷത്തെ പ്രതിസന്ധി നിറഞ്ഞ വിദ്യാര്‍ഥി ജീവിതത്തിനുശേഷം കുട്ടികള്‍ക്ക് പൂര്‍ണ തോതില്‍ സ്‌കൂളില്‍ നേരിട്ട് അധ്യയനം നടത്താന്‍ സാഹചര്യം ഒരുങ്ങുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈറ്റ് ഭരണ നേതൃത്വം, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്, ആന്‍ഡ് ലിറ്ററേച്ചര്‍ അധികൃതര്‍, ദാര്‍ അല്‍-അതര്‍ അല്‍-ഇസ്ലാമിയ്യ മ്യൂസിയം അധികൃതര്‍, ശൈഖ ഹുസ സബാഹ് അല്‍ സാലിം അസബാഹ്, സ്റ്റാളുകള്‍ സജ്ജീകരിച്ച ബിസിനസ് സ്ഥാപനങ്ങള്‍, കലാകാരന്മാര്‍, മറ്റു പിന്തുണ നല്‍കിയവര്‍ എന്നിവര്‍ക്കെല്ലാം സിബി ജോര്‍ജ് നന്ദി അറിയിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി കളരിപ്പയറ്റും യോഗയും ഭക്ഷ്യമേളയും പുസ്തകമേളയും ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News