സേവനം യുഎഇ സമ്മാനദാനവും തീര്‍ഥാടന അവലോകനവും നടത്തി

അജ്മാന്‍: 89-മത് ശിവഗിരി തീര്‍ത്ഥാടന ത്തോടനുബന്ധിച്ചു എസ്എന്‍ഡിപി യോഗം ( സേവനം) യുഎഇ തലത്തില്‍ സംഘടിപ്പിച്ച ഗുരുദേവ കൃതികളുടെ പാരായണ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും 89- മത് തീര്‍ത്ഥാടനത്തിന്റെ അവലോകനവും മാര്‍ച്ച് 12-ാം തീയതി വൈകിട്ട് എട്ടിനു അജ്മാന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ചു.

യു.എ.ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ 14 മത്തെ തവണയും പ്രസിഡന്റായി അധികാരമേറ്റ അഡ്വക്കേറ്റ് വൈ. എ. റഹീമിനെ എസ്എന്‍ഡിപി യോഗം യുഎഇ വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദും സെക്രട്ടറി കെ.എസ്.വാചസ്പതിയും ചേര്‍ന്ന് പൊന്നാട അണിയിച്ചു.

നിയമ പ്രതിനിധിയും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരി, 89 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.ശിവദാസന്‍ പൂവാര്‍ തീര്‍ത്ഥാടന കമ്മിറ്റി ഫൈനാന്‍സ് കണ്‍വീനറായിരുന്ന ജെ ആര്‍.സി. ബാബു തുടങ്ങിയവര്‍ക്ക് പ്രശസ്തി ഫലകം നല്കി ആദരിച്ചു.

ശാരീരിക അവശതകളെ വെല്ലുവിളിച്ചു 800 മീറ്റര്‍ വരുന്ന പെരിയാര്‍ 61 മിനിറ്റില്‍ നീന്തി കടന്ന നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായ മുഹമ്മദ് അസീമിന് സേവനത്തിന്റെ സഹായഹസ്തമായി ക്യാഷ് അവാര്‍ഡ് നല്കി.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം മുഖ്യ പ്രഭാഷണം നടത്തി, സലാം പാപ്പിനിശേരി ആശംസകളര്‍പ്പിച്ചു. അസീം നടത്തിയ പ്രചോദന കരമായ പ്രസംഗം കുട്ടികളില്‍ ആത്മവിശ്വാസം ഉളവാക്കി.

ഗുരുദേവ കീര്‍ത്തനങ്ങളുടെ പാരായണ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് സ്വര്‍ണനാണയവും പ്രശസ്തി ഫലകവും, രണ്ടാം സ്ഥാനക്കാര്‍ക്ക് പ്രശസ്തി ഫലകവും കീര്‍ത്തി പത്രവും നല്കി. മത്സരത്തില്‍ പങ്കെടുത്ത ഏവര്‍ക്കും കീര്‍ത്തി പത്രം നല്കി.

അവാര്‍ഡ് ദാനത്തിനു ശേഷം ശ്രീ ശിവദാസന്‍ പൂവാര്‍ തീര്‍ത്ഥാടന അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെ ആര്‍ സി ബാബു വരവ് ചിലവ് കണക്കവതരിപ്പിച്ചു പാസാക്കി. ഉഷാ ശിവദാസന്‍ അസിസ്റ്റന്‍ഡ് സെക്രട്ടറി സുരേഷ് തിരുകുളം, മീഡിയാ കണ്‍വീനര്‍ സുധീഷ് സുഗതന്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

സെക്രട്ടറി കെ. എസ്. വാചസ്പതി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറിയായ ഷൈന്‍ കെ ദാസ് കൃതജ്ഞതയും അര്‍പ്പിച്ചു

 

Print Friendly, PDF & Email

Leave a Comment

More News