രാഹുൽ ഗാന്ധിക്ക് എന്ത് അധികാരമാണുള്ളത്?; കോൺഗ്രസ് നേതൃത്വത്തിനെതിരെ ജി-23 വിമത ഗ്രൂപ്പ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോൽവി നേരിട്ടതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ജി-23 വിമത ഗ്രൂപ്പ് രൂക്ഷ വിമർശനം തൊടുത്തുവിട്ടു. എന്നാൽ, തോൽവിക്ക് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിലപാട് മയപ്പെടുത്തിയ ജി23 നേതാക്കളാണ് നേതൃത്വത്തിനെതിരെ വീണ്ടും പരസ്യമായി രംഗത്തെത്തിയത്. ആദ്യം നിലപാട് മയപ്പെടുത്തിയ നേതാക്കൾ പൊതുവിമർശനത്തോടൊപ്പം വിശാലയോഗം വിളിക്കാനും തീരുമാനിച്ചു.

എന്നാൽ ജി 23 നേതാക്കൾ ഉന്നയിച്ച പല വിമർശനങ്ങളും രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുള്ളതാണ്. കോൺഗ്രസ് പാർട്ടി എല്ലാവർക്കുമുള്ളതാണെന്നും ഒരു കുടുംബം മാത്രമല്ലെന്നും ജി23 നേതാവ് കപിൽ സിബൽ പറഞ്ഞു. കൂട്ട തോൽവിയിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടു വർഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോൾ നടത്തിയിട്ട് എന്തു പ്രയോജനം? നേതാക്കളുടെ മനസ്സിലാണ് ചിന്താ ശിബിര്‍ നടക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്ന് കപില്‍ സിബല്‍ ഇന്നലെ പറഞ്ഞിരുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരമാണുള്ളതെന്നും കപില്‍ സിബല്‍ ചോദിച്ചതിന് പിന്നാലെയാണ് വിശാലയോഗം ചേരുന്നത്. ഇന്ന് വൈകുന്നേരം ഏഴ് മാണിക്കാണ് വിശാല യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ കേരളത്തിലെ ചില നേതാക്കന്‍മാര്‍ക്കും യോഗത്തിലേക്ക് ക്ഷണം ഉണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രതിഷേധിച്ചിരുന്നില്ല. എന്നാല്‍ നേതൃത്വത്തില്‍ മാറ്റം വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വരും തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് വീണ്ടും നിലപാട് കടുപ്പിക്കാന്‍ ജി 23 നേതാക്കള്‍ തീരുമാനിച്ചത്.

Leave a Comment

More News