തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവും ഉണ്ടാകരുതെന്നും ഡിജിപി നിര്‍ദേശിച്ചു. ജില്ലാ പോലീസ് മേധാവിമാരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചങ്ങനാശേരി മാടപ്പള്ളിയിലും കോഴിക്കോട് കല്ലായിയിലും കെ-റെയില്‍ അതിരടയാള കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് നിര്‍ദേശവുമായി ഡിജിപി രംഗത്തെത്തിയത്.
കെ റെയിലിനെതിരായ പ്രതിഷേധം ജനകീയ സമരമാണ്. പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളോട് പരമാവധി സംസാരിക്കണം. പ്രാദേശിക ഭരണകൂടമായും പരമാവധി സഹകരിക്കണമെന്നും ഇതിന് പോലീസ് മുന്‍കൈയെടുക്കണമെന്നും ഡിജിപി പറഞ്ഞു.
