ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി; പിന്നോട്ടില്ലെന്ന് ഉടമകള്‍; ചര്‍ച്ച ചെയ്യാതെ മന്ത്രിസഭ യോഗം

തിരുവനന്തപുരം: സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സമരവുമായി ബസ് ഉടമകള്‍ മുന്നോട്ടു പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസുടമകള്‍. നിരക്ക് വര്‍ധന സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ലെന്നാണ് സൂചന.

വിദ്യാര്‍ഥികളുടെ പരീക്ഷാ കാലം പരിഗണിച്ച് സമരത്തില്‍ നിന്നു പിന്മാറണമെന്നാണ് ഗതാഗതമന്ത്രിുടെ ആവശ്യം. ബസ്, ഓട്ടോ-ടാക്‌സി സമരവുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിറക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് എപ്പോള്‍ എങ്ങനെ വേണമെന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്നു ആരും കരുതേണ്ടെന്നും ആന്റണി രാജു പറഞ്ഞു.

ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് ഉടമകള്‍ സമരം തുടങ്ങാനിരിക്കേയാണ് ഇതു സംബന്ധിച്ച് മന്ത്രി പ്രതികരിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണം എന്നിവയാണ് ബസ് ഉടമകളുടെ ആവശ്യം.

നിരക്ക് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. മാസങ്ങളായി നിരക്ക് വര്‍ധന നടപ്പില്‍ വരുത്തുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ തീരുമാനമായിട്ടില്ല. ബസുകള്‍ എല്ലാം ഓടണമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള പശ്ചാത്തലം ഒരുക്കിത്തരുന്നില്ലെന്നും ബസുടമകള്‍ ആരോപിച്ചു. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധന കൂടാതെ പിടിച്ചുനില്‍കാന്‍ കഴിയില്ലെന്നും ബസുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലും ഉണ്ടായില്ല. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് ബസ് നിരക്ക് പുതുക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യതയാണ് ഗതാഗതമന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതിയാണ് വൈകുന്നത്. സ്വകാര്യ ബസ് സമരം നേരിടാന്‍ കഐസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ബസ് സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന പ്രദേശത്തേക്ക് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തും.

Leave a Comment

More News