വിവാഹപ്പിറ്റേന്ന് ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് അമ്മയെ കാണാന്‍ പോയ യുവാവിന്റെ മൃതദേഹം മീന്‍വലയില്‍; നിക്കാഹിന്റെ അഞ്ചാംനാള്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

വാടാനപ്പിള്ളി/തിരൂര്‍: വിവാഹത്തിനു പിന്നാലെ രണ്ട് യുവാക്കള്‍ക്ക് അപകടത്തില്‍ ദാരുണാന്ത്യം. വാടാനപ്പിള്ളിയില്‍ വിവാഹപ്പിറ്റേന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചേറ്റുവ കനോലിപ്പുഴയില്‍ ഊന്നുവലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. തിരൂരിലാണ് വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചത്.

തൃശ്ശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ധീരജ് (37) ആണ് കനോലിപ്പുഴയില്‍ മരിച്ചത്. മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയുമായി ഞായറാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് അമ്മയെ കാണാന്‍ മനക്കൊടിയിലെ വീട്ടിലേക്കു പോവുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്. രാത്രി ഏറെയായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ പരാതി നല്‍കി.

ഒല്ലൂര്‍ പോലീസ് അന്വേഷിക്കുന്നതിനിടെ, ചൊവാഴ്ച രാവിലെ 10.15-ഓടെ ചേറ്റുവപ്പുഴയില്‍ പാലത്തിനു സമീപം മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങി. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പരിശോധനയില്‍ പാലത്തിന് വടക്ക് സ്‌കൂട്ടറും കണ്ടെത്തി. രാത്രി പുഴയില്‍
ചാടിയതാണെന്നാണ് പോലീസിന്റെ നിഗമനം. വിവാഹദിവസം പാര്‍ട്ടിയ്ക്കിടെയുണ്ടായ ചില പ്രശ്നങ്ങളില്‍ ധീരജ് ദുഃഖിതനായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. വാടാനപ്പിള്ളി പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഫൊറന്‍സിക് വിഭാഗവും പരിശോധനയ്ക്കെത്തി.

വിദേശത്ത് ലുലു ഗ്രൂപ്പ് കമ്പനി ജീവനക്കാരനായ ധീരജ് പത്തുദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. അച്ഛന്‍: ശിവശങ്കരന്‍. അമ്മ: കോമളവല്ലി. ബുധനാഴ്ച കോവിഡ് പരിശോധനയ്ക്കും ശേഷം സംസ്‌കാരം നടക്കും.

തൃശ്ശൂര്‍ ചാവക്കാട് വട്ടേക്കാട് തിരുത്തിയില്‍ ജംഷീര്‍ (21) ആണ് ബൈക്കപകടത്തില്‍ മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി അനുരാജിനെ (21) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍-ചമ്രവട്ടം പാതയില്‍ പോലീസ്ലൈനിലെ അപകടവളവില്‍ ഡിവൈ.എസ്.പി. ഓഫീസിനു മുന്‍പിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

ജംഷീര്‍ എറണാകുളത്ത് ലിഫ്റ്റ് ഓപ്പറേറ്റര്‍ കോഴ്സിനു പഠിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശിയായ ഷിബിലയെ നിക്കാഹ് കഴിച്ചത്. ജംഷീറിന്റെ സുഹൃത്തായ അനുരാജ് വിവാഹം കഴിച്ചത് തിരുനാവായയില്‍നിന്നാണ്. ആലപ്പുഴ സ്വദേശിയായ സുഹൃത്തിന്റെ ബൈക്ക് എറണാകുളത്തുനിന്ന് താത്കാലികമായി വാങ്ങി ജംഷര്‍ ഭാര്യയേയും കൂട്ടി ചാവക്കാട്ടെ വീട്ടിലെത്തുകയും ബന്ധുവിനെ കണ്ടശേഷം ബൈക്കില്‍ തിരുനാവായയില്‍ സുഹൃത്തിന്റെ ഭാര്യവീട്ടിലെത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അനുരാജ് കണ്ണൂരില്‍നിന്ന് തിരുനാവായയിലെ ഭാര്യവീട്ടിലുമെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ ജംഷീറും അനുരാജും തിരൂരിലേക്കു പോകുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. ബി.പി. അങ്ങാടി ഭാഗത്തേക്കു പോകുകയായിരുന്നു ചരക്കുലോറി. അപകടമറിഞ്ഞയുടനെ നൈറ്റ് പട്രോള്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജംഷീര്‍ മരിച്ചു. ജംഷീറിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വട്ടേക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ജംഷീറിന്റെ പിതാവ് ജലാലുവും മാതാവ് മിസ്രിയയും വിദേശത്താണ്. ഹൈദരാബാദില്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ ജംഷീനയാണ് ജംഷീറിന്റെ ഏക സഹോദരി. തിരൂര്‍ പോലീസ് കേസെടുത്തു.

Print Friendly, PDF & Email

Leave a Comment

More News