സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ലൈന് വേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു പ്രതിഷേധ സമരം കടുപ്പിക്കുന്നതിനിടയില്‍ പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയാണു പ്രധാനം. കെ-റെയില്‍ പദ്ധതിക്കു പഠനം നടത്താനുള്ള പ്രാഥമികാനുമതി മാത്രമാണ് ഇതുവരെ കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടുള്ളത്. എന്നാല്‍, ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ഇതിനെതിരേയാണ് സംസ്ഥാന വ്യാപക പ്രതിഷേധം കനക്കുന്നത്. യുഡിഎഫും ബിജെപിയും സമരം ഏറ്റെടുത്തതിനു പിന്നാലെയാണ് കെ-റെയില്‍ പദ്ധതിക്ക് അനുമതി തേടി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും സമീപിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുന്നതിനായി കെ-റെയില്‍ എംഡി അജിത്കുമാര്‍ കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി അടക്കം നേടിയെടുക്കുകയാണു ലക്ഷ്യം. മൂന്നു ദിവസം നീളുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന്‍ തിങ്കളാഴ്ചയേ സംസ്ഥാനത്തേക്കു മടങ്ങൂ.

 

 

 

 

Leave a Comment

More News