നിരക്ക് വര്‍ധന: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു; തലസ്ഥാനത്ത് ഭാഗികം

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറു രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

അതേസമയം, തലസ്ഥാനത്തെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. തലസ്ഥാന നഗരിയില്‍ സ്വകാര്യ ബസുകള്‍ നിരത്തുകളില്‍ ഓടുന്നുണ്ട്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം ഭാഗികമായാണ് നടക്കുന്നത്. സമര സമിതിയുടെ ആവശ്യം നിരാകരിച്ച് അവര്‍ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നു.

സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. അഡീഷണല്‍ ട്രിപ്പുകള്‍ നടത്തേണ്ടിവരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ അവധികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News