ഭൂമി ഇടപാട്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണെമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെല്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസുകളില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി, പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഇടപാടുമായി ബന്ധപ്പെട്ട് മരട് ഫസ്റ്റ്കോടതിയുടെ പരിഗണനയില്‍ സിവില്‍ കേസ് നിലനില്‍ക്കുകയാണ്. ഇക്കാര്യം മറച്ചുവെച്ചാണ് പരാതിക്കാരന്‍ കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആറ് പുതിയ കേസ്സുകള്‍ ഫയല്‍ ചെയ്തതെന്നാണ് ഹര്‍ജിയില്‍ കര്‍ദിനാള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Comment

More News