എന്റെ സർക്കാരിനെ പുറത്താക്കാൻ വിദേശത്ത് നിന്ന് പണം ഒഴുകുന്നു: പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍

ഇസ്ലാമാബാദ്: താൻ സർക്കാരിൽ തുടർന്നാലും ഇല്ലെങ്കിലും ജീവിച്ചാലും മരിച്ചാലും അഴിമതിക്കാരായ നേതാക്കളെ വെറുതെ വിടില്ലെന്നും നികുതി വഴി പിരിച്ചെടുക്കുന്ന മുഴുവൻ തുകയും ചെലവഴിക്കുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.

ഞായറാഴ്ച ഇസ്ലാമാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ചരിത്രപ്രസിദ്ധമായ അംർ ബിൽ മറൂഫ് (നന്മ കൽപ്പിക്കുക) റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ആദ്യമായി, പാക്കിസ്താന്റെ എല്ലാ കോണുകളിൽ നിന്നും ഇന്ന് ഇവിടെ വന്നതിന് എന്റെ രാജ്യത്തിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് എന്റെ ഹൃദയം തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നു.” മഹത്തായ പ്രത്യയശാസ്ത്രത്തിന് കീഴിലാണ് നമ്മുടെ രാജ്യം കെട്ടിപ്പടുക്കപ്പെട്ടതെന്നും മദീനയുടെ തത്വങ്ങളിൽ പടുത്തുയർത്തേണ്ട ക്ഷേമരാഷ്ട്രമാണ് പ്രത്യയശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ ഒരു ക്ഷേമ രാഷ്ട്രത്തിലേക്ക് നീങ്ങിയതിൽ ഞാൻ അഭിമാനിക്കുന്നു, ലോകത്തിലെ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത വികസ്വര രാജ്യങ്ങളുടെ രാജ്യമാണ് നമ്മളുടേത്. എന്നാല്‍, ഞങ്ങൾ ആരോഗ്യ ഇൻഷുറൻസ് കൊണ്ടുവന്നു,” പ്രധാനമന്ത്രി പറഞ്ഞു. ദുർബ്ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പിടിഐയുടെ എഹ്‌സാസ് പോലുള്ള മറ്റൊരു പരിപാടിയും പാക്കിസ്താറ്റെ ചരിത്രത്തിൽ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ പാക്കിസ്താനിൽ, ഒരു കുടുംബത്തിന് ബിസിനസ്സും വീടും നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുന്നു. പ്രവാചകൻ മുഹമ്മദ് (സ) സ്ഥാപിച്ച മദീന സ്റ്റേറ്റിന്റെ മാതൃകയിൽ പാക്കിസ്താനെ ഒരു ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കാനുള്ള ദൃഢനിശ്ചയവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

തന്റെ ഗവൺമെന്റിനെ താഴെയിറക്കാൻ വിദേശത്തുനിന്ന് പണം ഒഴുക്കുകയാണെന്നും അതേസമയം നമ്മളില്‍ ചിലര്‍ സർക്കാരിനെ താഴെയിറക്കാൻ ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ സ്വന്തം ആളുകളെ ഇതിനായി മനഃപൂർവ്വം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഗൂഢാലോചനക്കാരെയും അടിമകളെയും സർക്കാരിനെതിരെ ഗൂഢാലോചന നടത്താൻ അനുവദിക്കാമോ എന്ന് ഇനി രാഷ്ട്രം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്ന് ഞങ്ങൾക്ക് നേരെ രേഖാമൂലമുള്ള ഭീഷണി വന്നിട്ടുണ്ട്. എന്നാൽ, പാക്കിസ്താന്റെ താൽപ്പര്യങ്ങളിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അവകാശവാദത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ വന്ന് ഇക്കാര്യത്തിൽ ഓഫ് ദ റെക്കോർഡ് ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. എത്രകാലം നമുക്ക് ഇങ്ങനെ തുടരാനാകുമെന്ന് മാധ്യമങ്ങളും രാഷ്ട്രവും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഗൂഢാലോചനയുടെ വിശദാംശങ്ങൾ ഉടൻ തന്നെ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, ജെയുഐ-എഫ് മേധാവി മൗലാന ഫസ്‌ലുർ റഹ്മാൻ എന്നിവരെ പരാമർശിക്കാതെ ഇമ്രാൻ ഖാൻ പറഞ്ഞു, ലണ്ടനിൽ ഇരിക്കുന്ന ഒരാൾ ആരെയൊക്കെ എങ്ങനെ കാണുന്നുവെന്നും, പാക്കിസ്താനില്‍ ഇരിക്കുന്ന കഥാപാത്രങ്ങൾ ആരുടെ വലയാണ് വലിക്കുന്നതെന്നും പാക്കിസ്താനിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പറഞ്ഞു.

മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയ്‌ക്കെതിരെ സ്വതന്ത്രമായ വിദേശനയം പിന്തുടരുന്നതിന് സമാനമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നാൽ ഭൂട്ടോയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കൊപ്പം ഭൂട്ടോയുടെ മരുമകനും ചെറുമകനും ഇന്ന് ഇരിക്കുന്നത് എന്തൊരു വിരോധാഭാസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്റെ പാർലമെന്റംഗങ്ങളിൽ അഭിമാനമുണ്ടെന്നും എന്നാൽ ചിലർ നിയമനിർമ്മാതാക്കളുടെ വിശ്വസ്തത വിലക്കെടുക്കാൻ ശ്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

നികുതി പിരിവ് വർധിച്ചതോടെ, പെട്രോൾ വില വർധിപ്പിക്കുന്നതിന് പകരം പിടിഐ സർക്കാർ 250 ബില്യൺ സബ്‌സിഡി നൽകിയെന്നും പെട്രോളിന് 10 രൂപയും പവർ താരിഫ് യൂണിറ്റിന് അഞ്ച് രൂപയും കുറച്ചെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

രാഷ്ട്രത്തിന്റെ ഈ അഭിനിവേശത്തിൻ കീഴിൽ പാക്കിസ്താന്‍ ലോകത്തിലെ മഹത്തായ രാഷ്ട്രമായി മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “25 വർഷമായി ഞാൻ എന്റെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നു, വിശുദ്ധ പ്രവാചകൻ മുഹമ്മദ് (സ)യുടെ പാത പിന്തുടരുകയാണെങ്കിൽ നമ്മുടെ രാജ്യം മഹത്തരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

തന്റെ സർക്കാർ 5 വർഷം പൂർത്തിയാകുമ്പോൾ, ഒരു സർക്കാരും ഇത്ര വേഗത്തിൽ ദാരിദ്ര്യം തുടച്ചുനീക്കിയിട്ടില്ലെന്ന് പാക്കിസ്താന്‍ മുഴുവൻ കാണുമെന്നാണ് എന്റെ വാഗ്ദാനം, അദ്ദേഹം പറഞ്ഞു.

മുപ്പത് വർഷമായി അഴിമതിക്കാർ ദേശീയ സമ്പത്ത് കൊള്ളയടിക്കുകയായിരുന്നെന്നും ഇപ്പോൾ തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവും അദ്ദേഹം തൊടുത്തുവിട്ടു.

കോവിഡ് -19 പാൻഡെമിക് കൈകാര്യം ചെയ്യാനാണ് ഞങ്ങൾ സ്മാർട്ട് ലോക്ക് ഡൗൺ നയം അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി ഇമ്രാൻ പറഞ്ഞു. നമ്മുടെ ജനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സംയമനത്തോടെ സംരക്ഷിക്കുന്ന ഞങ്ങളുടെ നയത്തെ ലോകം മുഴുവൻ പ്രശംസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലോകബാങ്കിന്റെ റിപ്പോർട്ട് ഉദ്ധരിച്ച്, ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പാക്കിസ്താനില്‍ തൊഴിലില്ലായ്മ കുറവാണ്.

സർക്കാരിന്റെ വിവേകപൂർണ്ണമായ നയങ്ങൾ കാരണം സാമ്പത്തിക വളർച്ച 5.6 ശതമാനമായി രേഖപ്പെടുത്തി.

തന്റെ ഗവൺമെന്റിന്റെ ജനപക്ഷ നയങ്ങൾ എടുത്തുകാട്ടി, കയറ്റുമതി, വ്യവസായം, നികുതി പിരിവ് എന്നിവ റെക്കോർഡ് വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ശമ്പളക്കാരായവർക്ക് എളുപ്പത്തിൽ വായ്പകളിലൂടെ സ്വന്തമായി വീടുണ്ടാക്കാൻ 30 ബില്യൺ രൂപ അനുവദിച്ചു.

10 വലിയ അണക്കെട്ടുകൾ നിർമാണത്തിലാണെന്നും 2028ൽ പൂർത്തിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ജലസേചനത്തിനും മനുഷ്യ ഉപഭോഗത്തിനും ആവശ്യമായ ജലത്തിന്റെ ലഭ്യത ഉറപ്പാക്കും.

പാക്കിസ്താന്റെ ചരിത്രത്തിൽ ഇസ്ലാമാബാദിന് ശേഷം ആസൂത്രിതമായ രണ്ടാമത്തെ നഗരമായ ലാഹോറിൽ രവി അർബൻ സിറ്റി പദ്ധതി പൂർത്തീകരിക്കുകയാണെന്ന് ഖാൻ പറഞ്ഞു. കൂടാതെ, രാജ്യത്തെ ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലാഹോർ ബിസിനസ് ഡിസ്ട്രിക്റ്റ് സ്ഥാപിക്കുന്നു.

ഒമ്പത് ബില്യൺ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരുന്ന റെക്കോ ദിക് പദ്ധതി സർക്കാർ വിജയകരമായി പുനരുജ്ജീവിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാനിലെ ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളാൽ അനുഗൃഹീതമായതിനാൽ സർക്കാർ പാക്കിസ്താനെ ഒരു ടൂറിസം കേന്ദ്രമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗിൽജിത് ബാൾട്ടിസ്ഥാനിലെ സ്കാർഡുവിനെ രാജ്യത്തിന്റെ സ്കീയിംഗ് തലസ്ഥാനമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News