ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസര്‍ മദ്യപാനിയുടെ വാഹനമിടിച്ച് മരിച്ചു

ഹൂസ്റ്റണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ച് ഡ്രൈവറെ പിടികൂടാന്‍ റോഡില്‍ കാത്തുനിന്നിരുന്ന വനിതാ പോലീസ് ഓഫീസറുടെ ഔദ്യോഗിക വാഹനത്തില്‍ മദ്യപാനി ഓടിച്ചിരുന്ന വാഹനമിടിച്ച് ഓഫീസര്‍ കൊല്ലപ്പെട്ടു.

ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ ഹൈവേയിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടാനായിരുന്നു ഹാരിസ് കൗണ്ടി ഡപ്യൂട്ടി ജന്നിഫര്‍ ചാവിസ് തന്റെ വാഹനത്തിനരികെ കാത്തുനിന്നത്. എന്നാല്‍, മദ്യപാനി അഡോള്‍ഫ് സെറനോയുടെ (36) വാഹനം നിയന്ത്രണം വിട്ട് ഓഫീസറുടെ വാഹനത്തില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന് തീപിടിച്ചു. സമീപത്തു നിന്നിരുന്ന ഓഫീസര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്തു.

അതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സെറനോയെ പ്രദേശത്ത് ഓടിക്കൂടിയവര്‍ തടഞ്ഞു വെക്കുകയും പോലീസ് എത്തി അറസ്റ്റു ചെയ്യുകയും ചെയ്തു.

2004 മുതല്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ സെറനോ കവര്‍ച്ച, കുടുംബാംഗത്തെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കല്‍, മദ്യപിച്ചു വാഹനം ഓടിക്കല്‍, മയക്കുമരുന്നു കൈവശം വെയ്ക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

2020ലാണ് ഓഫീസര്‍ ജന്നിഫര്‍ ചാവിസ് സര്‍‌വീസില്‍ പ്രവേശിച്ചത്. അതിനുമുമ്പു യു എസ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ഭര്‍ത്താവും 4 വയസ്സുള്ള മകനും ഉണ്ട്.

Leave a Comment

More News