ഫോമാ ഇടക്കാല പൊതുയോഗം: പ്രതിനിധികളെ വരവേല്‍ക്കാന്‍ റ്റാമ്പയില്‍ വിപുലമായ സജ്ജീകരണങ്ങള്‍

2022 ഏപ്രില്‍ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായില്‍ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ സുനില്‍ വര്‍ഗ്ഗീസിന്റെയും, സായി റാമിന്റെയും നേതൃത്വത്തില്‍ വിവിധ സമിതികളാണ് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളത്. ഷീല ഷാജു, അഞ്ജന കൃഷ്ണന്‍, നെവിന്‍ ജോസ്, സ്മിതാ നോബിള്‍ എന്നിവരെയാണ് കലാപരിപാടികളും മറ്റു പരിപാടികളുടെ സമയവും നിശ്ചയിച്ച രീതിയില്‍ ഏകോപിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ടിറ്റോ ജോണും, സജി കരിമ്പന്നൂരുമാണ് പ്രതിനിധികളെ സമ്മേളനസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. സമ്മേളന സ്ഥലത്തു് എത്തിച്ചേരുന്ന പ്രതിനിധികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ സുനിലും, ജോമോന്‍ ആന്റണിയും ഏകോപിപ്പിക്കും. പ്രതിനിധികളുടെ സുരക്ഷിതത്വവും, മറ്റും ക്രമീകരിക്കുന്നതിന് ടോമി മ്യാല്‍ക്കരയെയും ബിജു ലൂക്കോസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ പരസ്യവും വാര്‍ത്താ ക്രമീകരണങ്ങളും സജി കരിമ്പന്നൂര്‍ നിര്‍വഹിക്കും. ഫിലിപ് ബ്ലെസ്സണ്‍, അരുണ്‍ ഭാസ്‌കര്‍ എന്നിവര്‍ക്കാണ് ഉച്ചഭാഷിണിയുടെയും, ശബ്ദക്രമീകരണങ്ങളുടെയും ചുമതല. സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും ദൃശ്യ-ശ്രവ്യ സാക്ഷാല്‍ക്കാരം നിര്‍വഹിക്കുക ബോബി കുരുവിളയും സജി കാവിന്ററികത്തും ആയിരിക്കും. സമ്മേളന നഗരിക്ക് മികച്ച രംഗപടം ഒരുക്കുന്നതിനും, സമ്മേളനത്തെ ഏറ്റവും നല്ല അനുഭവേദ്യമാക്കുന്നതിനും, ജെയിംസ് ഇല്ലിക്കലും, ഷാജു ഔസേഫും, നെവിനും , ലാലിച്ചനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. സമ്മേളന പ്രതിനിധികള്‍ക്കുള്ള ഭക്ഷണ വിരുന്ന് ഒരുക്കുന്നത് ബിനു മാമ്പള്ളിയും, ബാബു ദേവസ്യയും ചേര്‍ന്നാണ്.

സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്കായുള്ള ഭക്ഷണവും, ട്രാന്‍സ്‌പോര്‍ട്ടേഷനും ഫോമാ ഒരുക്കിയിട്ടുണ്ട്. സിറോ മലബാര്‍ പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ ശനിയാഴ്ച്ച വൈകുന്നേരം നടക്കുന്നത്. പള്ളിയിലെ പരിപാടികളുടെ ഭാഗമായി എട്ട് വിവിധ നാടന്‍ തട്ടുകടകളും അന്നവിടെ ഉണ്ടായിരിക്കും.

റ്റാമ്പായില്‍ വെച്ച് നടക്കുന്ന ഈ ഇടക്കാല പൊതുയോഗം ഫോമ പ്രതിനിധികള്‍ക്ക് ഒരു വേറിട്ട അനുഭവമായിരിക്കുമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിവിധ കമ്മറ്റികളുടെ കീഴില്‍ എല്ലാ ഒരുക്കങ്ങളും കുറ്റമറ്റതാക്കാനുള്ള അവസാന വട്ട കൂടിക്കാഴ്ചകളും ചര്‍ച്ചകളും, തീരുമാനങ്ങളും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെഫ്‌നറിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദിയായി നിശ്ചയിച്ചിട്ടുള്ളത്. പൊതുയോഗത്തിലും തുടര്‍ന്നുള്ള കലാപരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News