വാഗ്‌ദേവതേ….! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഹയഗ്രീവസ്വാമിയേ, അക്ഷര ദേവനേ
ദയവാർന്നെൻജിഹ്വാഗ്‌രേ വാഴണമേ!
അവിടുന്നുചിതമാം വാക്കുകൾ തന്നെന്റെ
കവിതയിലാകവേ ശോഭിക്കണേ!

എൻ നാവിൻതുമ്പത്തും എൻവിരൽ തുമ്പത്തും
എന്നും ലസിക്കണേ! വാഗ്‌ദേവതേ!
എന്നിലറിവിൻ വിളക്കു കൊളുത്തി നീ
എന്നെയനുഗ്രഹിച്ചീടേണമേ!

കൂപമണ്ഡൂകം പോലൊന്നുമറിയാതെ
കൂരിരുൾ ചൂഴുന്ന ചിത്തവുമായ്,
തപ്പിത്തടയുകയാണു ഞാനെന്നുള്ളിൽ
താവക ദീപം തെളിയ്ക്കണമേ!

ജ്ഞാനമാം പൊന്മുത്തദൃശ്യമാം സ്വത്തല്ലോ
ഞാൻ തേടുന്നെത്രയോ ജന്മങ്ങളായ്‌!
ജ്ഞാനമൊന്നെള്ളിലുണ്ടെങ്കിൽ താനല്ലോ
ജന്മ സാക്ഷാത്ക്കാരം നേടുകുള്ളു!

ഏറെ തമസ്സു നിറഞ്ഞൊരറയ്ക്കുള്ളിൽ
സൂര്യപ്രകാശം പ്രവേശിക്കവെ,
എങ്ങോ തമസ്സു മറയുന്നതു പോലെ
എന്നിലും ജ്യോതി തെളിയ്ക്കണമേ!

വന്യമാം ചിന്തകൾ പോക്കി നീ മൽജന്മം
അന്വർത്ഥമാക്കാൻ തുണയ്ക്കണമേ!
വന്ദ്യയാം ദേവികേ, ജ്ഞാനാംബികേ, ദേവി
ധന്യതയെന്നിൽ ചൊരിയണമേ!

ദുർല്ലഭമാം മർത്ത്യ ജന്മം ലഭിച്ചതു
ദുർവിനിയോഗം ചെയ്തീടാതെന്നും,
താവക നാമാവലികൾ നിരന്തരം
നാവിൽ വരേണമേലോകമാതേ!

“ലോകാസമസ്താ സുഖിനോ ഭവന്തു” താൻ
ലോകത്തിലേവരും കാംക്ഷിപ്പതേ!
ശാന്തിയുമെങ്ങും പരസ്പര സ്നേഹവും
കാന്തിയോടെന്നും രമിയ്ക്കണമേ!

Print Friendly, PDF & Email

Leave a Comment

More News