എല്‍ഡിഎഫിനെ 99ല്‍ നമ്മുക്ക് പിടിച്ചുനിര്‍ത്തിയാലോ? 100 തികയ്ക്കുമെന്ന പ്രസ്താവനയോട് ഉമയുടെ പ്രതികരണം

കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ വിജയിച്ച് നൂറ് സീറ്റ് തികയ്ക്കാനിറങ്ങുന്ന എല്‍ഡിഎഫിനെ 99ല്‍ പിടിച്ച് നിര്‍ത്തുമെന്നു യുഡിഎഫ് സ്ഥനാര്‍ത്ഥി ഉമാ തോമസ് . പി.ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യും. പി.ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡിനും ഐക്യ ജനാധിപത്യ മുന്നണിക്കും കടപ്പാടും നന്ദിയും അവര്‍ അറിയിച്ചു.

നിലപാടുകളുടെ രാജകുമാരനായാണ് പി.ടി പ്രവര്‍ത്തിച്ചത്. അതേ മാതൃക ഏറ്റെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനം. പിടി തോമസ് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കാനാകാതെ ബാക്കി വെച്ച് പോയ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എല്‍ഡിഎഫ് എത്ര ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാലും രാഷ്ട്രീയമായി നേരിടും. ആദ്യഘട്ടത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും പി.ടി പോയ ശേഷം കരുത്തായി മുന്നോട്ട് നയിച്ചത് ബന്ധുക്കളും ഒപ്പം പ്രസ്ഥാനവുമാണ്.
ആ പ്രസ്ഥാനം ആവശ്യപ്പെട്ടാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News