ഖത്തർ മിസൈദിൽ ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

ദോഹ: ഖത്തറിലെ മിസൈദില്‍ കാർ പാറയിലിടിച്ച് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ നിവാസിയായ റസാഖ് (31), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മഹമൂദിന്റെ മകൻ എം.കെ.ഷമീം (35) എന്നിവരാണ് മരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ രക്ഷപ്പെട്ടു.

ഡ്രൈവർ കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ശരൺജിത്ത് ശേഖരന് സാരമായി പരിക്കേറ്റു. സജിത്തിന്റെ ഭാര്യയ്ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും കാര്യമായ പരുക്കില്ലെന്നാണ് വിവരം. ഇവർ മൂന്നു പേരും ഹമദ് മെഡിക്കൽ കോർപറേഷന്റെ അൽ വക്ര ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകിട്ടോടെ മൈതറിൽ നിന്ന് മിസൈദിലെ സീലൈനിൽ ഈദ് അവധി ആഘോഷിക്കാൻ എത്തിയതാണ് സംഘം. രണ്ടു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നതിൽ ലാൻഡ് ക്രൂസർ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം കല്ലിലിടിച്ച് നിയന്ത്രണം വിട്ടുവെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ നൽകുന്ന വിവരം. സജിത്ത്, റസാഖ്, എം.കെ.ഷമീം എന്നിവർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ എയർ ആംബുലൻസിലാണ് അൽവക്രയിലെ ആശുപത്രിയിൽ എത്തിച്ചത്.

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് റസാഖ് ജോലി ചെയ്യുന്നത്. വൊഖൂദ് പെട്രോൾ സ്‌റ്റേഷനിലെ ജീവനക്കാരനാണ് സജിത്ത്.

Print Friendly, PDF & Email

Leave a Comment

More News