തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഡോ. ജോ ജോസഫ് സിപി‌എമ്മിന്റെ സ്ഥാനാര്‍ത്ഥിയല്ലെന്ന് അൽമായ ഫോറം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥി ജോ ജോസഫാണ് സഭയുടെ സ്ഥാനാർത്ഥിയെന്ന് അൽമായ ഫോറം നേതാവ് ഡോ. ഷൈജു ആന്റണി പറഞ്ഞു. ഒരു മലയാളം ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് ഷൈജു ആന്റണി ഇക്കാര്യം പറഞ്ഞത്. സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുമായി കൂടിയാലോചിച്ചാണ് ഡോ. ജോ ജോസഫിനെ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം കര്‍ദിനാളിനൊപ്പമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ പുറത്തുവന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ക്രിസ്ത്യാനിയല്ലെന്നും അതുകൊണ്ട് ഒരു റോമന്‍ കത്തോലിക്കക്കാരനെ നിര്‍ത്തിയാല്‍ അതിരൂപത പിന്തുണയ്ക്കുമെന്നുമുള്ള ദാരണയിലാണ് ജോ ജോസഫിനെ സിപിഎം രംഗത്തിറക്കിയത്. സഭയിലെ കര്‍ദിനാള്‍ പക്ഷത്തുള്ള പുരോഹിതന്മാരും ബിഷപ്പുമാരുമായൊക്കെ സിപിഎം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

തങ്ങളുടെ സ്ഥാനാര്‍ഥിയെ എറണാകുളം- അങ്കമാലി അതിരൂപത പിന്തുണയ്ക്കുന്നുണ്ടെന്ന് ജനങ്ങള്‍ അറിയണമെന്ന ആഗ്രഹം പാര്‍ട്ടിക്കുണ്ട്. അതുകൊണ്ടാണ് ലിസി ആശുപത്രിയില്‍ ഡയറക്ടര്‍ അടക്കമുള്ള പുരോഹിതന്മാരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. സഭയും പാര്‍ട്ടിയും തമ്മില്‍ ഒരു അന്തര്‍ധാരയുണ്ടെന്ന് സമൂഹത്തെ ധരിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

ലൗ ജിഹാദ് വിഷയത്തില്‍ ജോര്‍ജ് എം. തോമസിനെ പാര്‍ട്ടി ശാസിച്ചപ്പോള്‍ ക്രൈസ്തവര്‍ക്കുണ്ടായ നീരസം ബാലന്‍സ് ചെയ്യിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഈ സ്ഥാനാര്‍ഥിത്വം. പല വിഷയങ്ങളിലും പാര്‍ട്ടി കര്‍ദിനാളിനൊപ്പമാണെന്ന് വിശ്വസിപ്പിക്കാന്‍ സിപിഎം പരമാവധി ശ്രമിച്ചിട്ടുണ്ട്.

വിശ്വാസികൾ കർദിനാളിനൊപ്പം നിൽക്കുമെന്ന പ്രതീതിയാണ് സിപിഎമ്മിനുള്ളത്. എന്നാൽ, കർദിനാളിനെ എതിർക്കുന്നവരെ സിപിഎം കാണുന്നില്ല. സി.പി.എം സ്ഥാനാർഥിയെ സീറോ മലബാർ സഭയുടെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ ശ്രമത്തെ എതിർക്കുമെന്ന് ഷൈജു ആന്റണി അഭിമുഖത്തിൽ പറഞ്ഞു.

Leave a Comment

More News