76 ദിവസത്തിന് ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ 1000 കടന്നു

തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 1000 കടന്നു. കഴിഞ്ഞ ദിവസം 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കുന്നതില്‍ പകുതിയോളം രോഗബാധിതര്‍ കേരളത്തിലാണെന്ന് കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 5.50 കോടി ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ആകെ 81.02 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചവരാണ്.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം എറണാകുളത്തിന് തൊട്ടുപിന്നാലെ കോട്ടയം ജില്ലയിലാണ് പുതിയ കേസുകൾ.

മെയ് 24 മുതൽ സംസ്ഥാനത്ത് പ്രതിദിനം 700 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തുന്നു. സജീവമായ കേസുകളും അതിനനുസരിച്ച് വർദ്ധിച്ചു, ചൊവ്വാഴ്ച മൊത്തം രോഗികളുടെ എണ്ണം 5728 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ തലത്തിൽ 18386 സജീവ കേസുകളും 2745 പുതിയ കേസുകളും ഉണ്ട്.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ മുംബയില്‍ കൊവിഡ് കേസുകള്‍ വ‌ര്‍ദ്ധിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ആറ് ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് അധികൃതര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. പ്രതിദിന രോഗനിരക്ക് വളരെവേഗം വര്‍ദ്ധിക്കുകയാണ്. 12നും 18നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഡോസ്, എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കണം. ആശുപത്രികള്‍ എപ്പോഴും സജ്ജമായിരിക്കണമെന്നും കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളില്‍ ആശുപത്രിവാസം വര്‍ദ്ധിക്കുകയാണെങ്കില്‍ മലാഡിലെ ജംബോ ആശുപത്രിയാണ് മുന്‍ഗണനാക്രമത്തില്‍ ഉപയോഗിക്കേണ്ടതെന്നും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം 506 പുതിയ കൊവിഡ് കേസുകളാണ് മുംബയില്‍ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളേക്കാള്‍ നൂറ് ശതമാനം വര്‍ദ്ധനവ് മേയില്‍ രേഖപ്പെടുത്തിയിരുന്നു.

Leave a Comment

More News