രണ്ട് വർഷത്തെ കോവിഡ്-19 ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ പൂര്‍ണ്ണ തോതില്‍ സാധാരണ നിലയിലേക്ക്; കേരളത്തില്‍ പുതിയ അദ്ധ്യയന വര്‍ഷം ഇന്ന് ആരംഭിച്ചു

തിരുവനന്തപുരം: രണ്ട് വർഷത്തെ കോവിഡ്-19 ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ഇന്ന് സമ്പൂർണ്ണ അദ്ദ്ധ്യയന വർഷത്തിലേക്ക് കടക്കുന്നു. 42.9 ലക്ഷം വിദ്യാര്‍ഥികള്‍ക്കു മുന്നിലേക്കാണ്‌ ഇന്നു സ്‌കൂള്‍ വാതിലുകള്‍ തുറക്കുക. 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും ഇന്നു സ്‌കൂളുകളിലെത്തും.

ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണു പ്രാഥമിക കണക്ക്‌. സംസ്‌ഥാന, ജില്ലാ, ഉപജില്ലാ സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടത്തും.

ഒന്നാം വാല്യം പാഠപുസ്‌തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്‌. പി.എസ്‌.സി. മുഖേന നിയമനം ലഭിച്ച 353 അദ്ധ്യാപകര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കും.

വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക്‌ ധരിക്കണമെന്നു മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സ്‌കൂളിന്‌ മുന്നില്‍ പോലീസ്‌ സഹായത്തിനുണ്ടാകും. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക്‌ പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ ഡി.ജി.പിയുടെ സഹായം തേടിയിട്ടുണ്ട്‌. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തും.

സംസ്‌ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒമ്പതരയ്‌ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News