മേഘാലയയിൽ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്

ഷില്ലോംഗ്: മേഘാലയയിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ നാല് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് പലയിടത്തും വെള്ളം കയറി, വൻതോതിലുള്ള നാശനഷ്ടങ്ങളും പല പ്രദേശങ്ങളിലും വലിയ ഗതാഗത തടസ്സവും ഉണ്ടായി. ലൈറ്റ്‌ലാരെം ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് കുട്ടികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണർ ഇസവാന്ദ ലാലു പറഞ്ഞു. പരിക്കേറ്റ മറ്റൊരു കുട്ടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി.

വാലമ്പിയാങ് ഖർമിൻദായ് (9), ബൻലുംലാങ് ഖർമിൻദായ് (6), റിബലിൻ ഖർമിൻദായ് (4), ഡാഫിലാരി ഖർമിൻദായ് (8) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയും 36 വയസുള്ള പുരുഷനും ആശുപത്രിയിൽ ചികിത്സയിലാണ്.

റ്റൊരു സംഭവത്തിൽ, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ജാഷിയാർ ഗ്രാമത്തിൽ നിന്നുള്ള ഹീൽ സെന്റിമെറി മിർതോംഗ് എന്ന യുവതി, കനത്ത മഴയെ തുടർന്നുണ്ടായ ഒരു വലിയ മണ്ണിടിച്ചിലിൽ കുടിലിലെ അടുക്കള ഭാഗം ഇടിഞ്ഞ് തോട്ടിലൂടെ ഒലിച്ചുപോയതിനെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ, പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ മറ്റൊരു മുറിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസമയത്ത് സമീപത്തെ മുറിയിൽ കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുകയായിരുന്നു യുവതി.

മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി വ്യാഴാഴ്ച അവലോകന യോഗം നടത്തുകയും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി ഓരോ മന്ത്രിയുടെ നേതൃത്വത്തിൽ നാല് പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.

അതിനിടെ, ദേശീയ പാത 6ൽ സോനാപൂരിലും ലംസുലത്തും ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായതായി മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണിടിച്ചിലിൽ റോഡിന്റെ വലിയ ഭാഗങ്ങൾ തകർന്നതിനാൽ നിരവധി വാഹനങ്ങൾ മുകളിൽ നിന്ന് താഴേക്ക് തകർന്നു. ട്രക്കുകളും ആഡംബര വാഹനങ്ങളും ഉൾപ്പെടെയുള്ള കൂറ്റൻ വാഹനങ്ങൾ ലംസുലം മേഖലയിലെ റോഡുകളിലെ വിള്ളലുകളിൽ അടിയോളം താഴ്ചയിൽ കുടുങ്ങിക്കിടക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News