ജയിലിനുള്ളിൽ മകന് മയക്കുമരുന്ന് നൽകാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ

ബെംഗളൂരു: ജയിലിൽ കഴിയുന്ന മകനുവേണ്ടി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ശിക്കാരിപാല്യയിൽ താമസിക്കുന്ന പർവീൺ താജ് എന്ന യുവതിയാണ് അറസ്റ്റിലായത്. ജയിലിൽ കഴിയുന്ന മകന്റെ നിർദേശപ്രകാരമാണ് യുവതി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു.

പർവീൺ താജിന്റെ മകൻ മുഹമ്മദ് ബിലാൽ സ്ഥിരം കുറ്റവാളിയാണ്. 2020-ൽ ഒരു കവർച്ചക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ കോണനകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ വിചാരണത്തടവുകാരനായി ജയിലിലാണ്. ജൂൺ 13ന് മകനെ കാണാൻ ജയിലിൽ എത്തിയതായിരുന്നു പർവീൺ താജ്. സന്ദർശനത്തിനിടെ മകന് തുണിസഞ്ചി നൽകി. ബാഗ് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർ 200 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി. ഉടൻ തന്നെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിടികൂടിയ ഹാഷിഷ് ഓയിലിന് അഞ്ച് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

തുണിസഞ്ചിക്കുള്ളിൽ കാർബൺ ഷീറ്റ് ഇട്ടിരുന്നതായും ബാഗിന്റെ പാളിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ, ബാഗിൽ സംശയാസ്പദമായ വസ്തുക്കൾ ഉണ്ടെന്ന് മെറ്റൽ ഡിറ്റക്ടർ സൂചന നൽകി. ജയിൽ ജീവനക്കാർ ഇത് വിശദമായി പരിശോധിച്ചപ്പോൾ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തി. ആരുടെയോ ഫോണിലൂടെ മകൻ തന്നെ വിളിച്ച് തന്റെ വസ്ത്രങ്ങൾ ബാഗിലാക്കി സുഹൃത്ത് തരുന്ന തരത്തിൽ നൽകണമെന്ന് പറഞ്ഞതായി അന്വേഷണത്തിനിടെ പർവീൺ താജ് പോലീസിനോട് പറഞ്ഞു. മകന്റെ നിർദേശപ്രകാരമാണ് നൽകിയ ബാഗിൽ വസ്ത്രങ്ങൾ കൊണ്ടുവന്നതെന്നാണ് പ്രതിയുടെ വാദം.

ബാഗിനുള്ളിൽ മയക്കുമരുന്നിന്റെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ജയിലിൽ നിന്ന് മകൻ വിളിച്ച നമ്പർ പോലീസ് നിരീക്ഷിച്ചു. മയക്കുമരുന്ന് ഒളിപ്പിച്ച ബാഗ് കൈമാറിയ സുഹൃത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

മൊഹമ്മദ് ബിലാൽ മയക്കുമരുന്നിന് അടിമയല്ലെന്നും ജയിലിൽ മയക്കുമരുന്ന് വിൽക്കാൻ ഉദ്ദേശിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സെൻട്രൽ ജയിലിൽ മയക്കുമരുന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ 11 കേസുകൾ രജിസ്റ്റർ ചെയ്യുകയും പോലീസ് ഉദ്യോഗസ്ഥരടക്കം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News