ഗര്‍ഭഛിദ്രം ആവശ്യമുള്ളവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും: സേവ്യര്‍ ബസിറ

വാഷിംഗ്ടണ്‍: യുഎസ് സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റിയതിനെ തുടര്‍ന്ന്, ഗര്‍ഭഛിദ്രം ആവശ്യമുള്ള സ്ത്രീകള്‍ക്ക് ഇതിനെ അനുകൂലിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി സേവ്യര്‍ ബസീറ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉറപ്പു നല്‍കി. ഇത്തരം യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സെക്രട്ടറിയുടെ നിര്‍ദേശത്തിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പിന്നീട് പറയാമെന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞു മാറി.

1973 മുതലാണ് അമേരിക്കയില്‍ നിയമപരമായി ഗര്‍ഭഛിദ്രത്തിനു അവകാശം ലഭിച്ചത്. ഓരോ വര്‍ഷവും ലക്ഷകണക്കിന് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കാണ് ഈ നിയമം മൂലം ഭൂമിയില്‍ പിറന്നുവീഴുന്നതിന് അവകാശം നിഷേധിച്ചത്. ഓരോ വര്‍ഷവും ഈ എണ്ണം വര്‍ധിച്ചുവരികയാണ്. ഏറ്റവും അടുത്ത വര്‍ഷങ്ങളില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ചു 2019 ല്‍ 629898 ഗര്‍ഭഛിദ്രം നടന്നപ്പോള്‍ 2018 ല്‍ 619591 ഗര്‍ഭഛിദ്രം നടന്നു. എന്നാല്‍, 2020 ല്‍ ഗര്‍ഭഛിദ്ര കണക്ക് ക്രമാതീതമായി ഉയര്‍ന്നു. 930160 കേസുകളാണ് രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തുടര്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. സുപ്രീം കോടതി ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമല്ലെന്ന് വിധിച്ചുവെങ്കിലും, സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ സ്വന്തമായ തീരുമാനം എടുക്കുന്നതിനുള്ള അവകാശം നിഷേധിച്ചിട്ടില്ല.

അമേരിക്കയില്‍ റെഡ് സംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്നിടങ്ങളില്‍ ഭൂരിഭാഗവും ഗര്‍ഭഛിദ്രത്തിനെതിരെ കര്‍ശന നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. എന്നാല്‍, ബ്ലു സംസ്ഥാനങ്ങളായ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്നിടങ്ങളില്‍ ഗര്‍ഭഛിദ്രത്തിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടില്ല. ഈ സംസ്ഥാനങ്ങളിലേക്കാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന സൂചന സെക്രട്ടറി നല്‍കിയിരിക്കുന്നത്.

Leave a Comment

More News