ക്രൈസ്തവർ ശത്രുക്കളാകുന്ന ഇന്ത്യ; ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ പ്രസക്തി

ന്യൂയോർക്ക് ട്രൈ-സ്റ്റേറ്റ് ഏരിയയിലെ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ജൂലൈ 3-ന്, ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ പ്രസക്തിയും അനുബന്ധ ചരിത്രവും പുനഃപരിശോധിക്കാനുള്ള ഉചിതമായ സമയമായിരിക്കുമിത്. ലോകമെമ്പാടും, ജൂലൈ 3 സെന്റ് തോമസ് ദിനമായാണ് ആചരിക്കുന്നത്. പുതിയ നിയമത്തിൽ, യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപോസ്തലന്മാരിൽ ഒരാളായാണ് തോമസിനെ കണക്കാക്കുന്നത്. തോമസ് എന്നതു കൂടാതെ ഗ്രീക്ക്ഭാഷയിൽ ‘ഇരട്ട’ എന്നർത്ഥം വരുന്ന ‘ഡിഡിമസ്’ എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇസ്രായേലിലെ ഗലീലിയിൽ ജനിച്ച സെന്റ് തോമസ്, എ ഡി 72 ഡിസംബർ 21 ന് മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പറങ്കിമലയ്ക്ക് മുകളിൽ വച്ച് കുന്തം കൊണ്ട് കൊലചെയ്യപ്പെട്ട തോമസിന്റെ മൃതദേഹം മൈലാപ്പൂരിലെ സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിൽ സംസ്‌കരിച്ചതായാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാസ്ലീഹയ്ക്ക് ‘സംശയാലുവായ തോമസ്’ എന്നും വിളിപ്പേരുണ്ട്. യേശുവിന്റെ ഉയിർത്തെഴുന്നേല്പിനുപോലും അദ്ദേഹം തെളിവ് ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ പൗലോസിനെപ്പോലുള്ള അപ്പോസ്തലന്മാരാൽ ക്രിസ്തുമതം പടിഞ്ഞാറോട്ട് പ്രചരിക്കപ്പെട്ടപ്പോൾ, കിഴക്കോട്ടുള്ള ദൗത്യം ഏറ്റെടുത്തത് തോമാശ്ലീഹാ ആയിരുന്നു. ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ സെന്റ് തോമസ്‌ ക്രിസ്തുമതം കൊണ്ടുവന്നതായും ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിച്ചിരുന്നതായുമാണ് കരുതുന്നത്.

ഇന്ത്യയിലെ അതിപുരാതനമായ സിറിയൻ ക്രിസ്തീയ സമൂഹത്തിന്റെ ഉത്ഭവം സെന്റ് തോമസിൽ നിന്നാണ്. ഹിന്ദുമതത്തിനും ഇസ്‌ലാം മതത്തിനും ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മതമാണ് ക്രിസ്തുമതം. ഇന്ത്യയിൽ ഏകദേശം 28 മില്യൺ ക്രിസ്തുമത അനുയായികളുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനമാണിത്.

ആദ്യകാല പോർച്ചുഗീസുകാരാണ് എ.ഡി 1523-ൽ മൈലാപ്പൂരിൽ ഇന്ന് കാണുന്ന സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്ക നിർമ്മിച്ചത്. സെന്റ് തോമസിന്റെ ശവകുടീരത്തിന് മുകളിൽ ഇന്നത്തെ കെട്ടിടം പണിയുന്നതിന് വളരെ മുമ്പ്, 1292-ൽ മാർക്കോ പോളോ ആ ശവകുടീരം സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികൾ അവിടെ തീർത്ഥാടനത്തിന് പോകുന്നതിനെക്കുറിച്ചും രോഗികൾ അത്ഭുതകരമായ സൗഖ്യം പ്രാപിക്കുന്നതിനെപ്പറ്റിയും അദ്ദേഹം എഴുതിയിരുന്നു.

സെന്റ് തോമസിന്റെ ചരിതം സംബന്ധിച്ച് പിൽക്കാലത്ത് നിരവധി ഊഹാപോഹങ്ങൾ ഉയർന്നുവന്നു. ഐതിഹാസികമായ ആ ചരിത്രത്തെ അപകീർത്തിപ്പെടുത്തുന്നതിനും വെറുമൊരു മിഥ്യയായി എഴുതിത്തള്ളുന്നതിനും അടുത്തിടെയായി കൂട്ടായ ശ്രമം നടന്നുവരുന്നുണ്ട്.

ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ചരിത്രം, ഗൂഢാലോചനയിലൂടെ കെട്ടിച്ചമച്ചതാണെന്ന് പ്രചരിപ്പിക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരും അതുമായി അടുത്ത ബന്ധമുള്ള സ്ഥാപനങ്ങളും പ്രയത്നിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്ന കൊളോണിയൽ പൈതൃകവുമായി ക്രിസ്തുമതത്തിന്റെ മുഴുവൻ ചരിത്രത്തെയും വെറുപ്പുളവാക്കുന്നവിധം ബന്ധിപ്പിക്കാൻ അവർ ഉത്സാഹിക്കുന്നു. നിലവിൽ, ഈ പാരമ്പര്യത്തെ ശാസ്ത്രീയമായി തെളിയിക്കാനോ നിരാകരിക്കാനോ ഒരു മാർഗവുമില്ലെന്നതാണ് വാസ്തവം. എന്നിരുന്നാലും, ഒരു കാര്യം ഉറപ്പാണ്: അലക്സാണ്ട്രിയൻ കപ്പലിന്റെ ക്യാപ്റ്റനായിരുന്ന ഹിപ്പലോസ് എ.ഡി 45-ൽ മൺസൂൺ കാറ്റിന്റെ ദിശ കണ്ടെത്തിയതുമുതൽ, മെഡിറ്ററേനിയൻ വഴി പേർഷ്യൻ ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് കടൽ മാർഗവും കരമാർഗവും എത്തപ്പെടാനുള്ള വഴി തുറന്നിരുന്നു. കൂടാതെ, ഈ പ്രദേശങ്ങൾ തമ്മിൽ ശക്തമായ ബന്ധം ഉടലെടുക്കുകയും ചെയ്തിരുന്നു. ഒന്നാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങൾ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് എന്നത് അവരുടെ ചരിത്രപരമായ ബന്ധങ്ങൾക്ക് വിശ്വാസ്യത കൂട്ടുന്ന വസ്തുതയാണ്. ക്രിസ്ത്യാനികൾക്കു മുമ്പുതന്നെ ജൂത കുടിയേറ്റക്കാർ ക്രാഗനോറിൽ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ സമ്മതിച്ചിട്ടുണ്ട്. യഹൂദർ അഭിവൃദ്ധി പ്രാപിച്ച മുസിരിസ് (ക്രാഗനോർ)എന്ന കോളനി സെന്റ് തോമസ് സന്ദർശിച്ചിരിക്കാമെന്നും അനുമാനമുണ്ട്. സോളമൻ രാജാവിന്റെ ആദ്യ കപ്പൽ പടയ്ക്കൊപ്പമാണ് ആ യഹൂദന്മാർ എത്തിയതെന്നും പറയപ്പെടുന്നു.

ചരിത്രപരമായ സംവാദങ്ങൾ മാറ്റിനിർത്തി ചിന്തിച്ചാൽ, ക്രിസ്തുമതത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഇപ്പോൾ ഒരു വിവാദം ഉണ്ടാകേണ്ടതിന്റെ ആവശ്യമെന്താണ്? ആരാണ് ചൂടേറിയ ഈ ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത്? ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കുനേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളുണ്ടായ വർഷമായി 2021 നെ മാറ്റിയ ഹിന്ദുത്വ ഗ്രൂപ്പ് തന്നെയാണ് ഇത്തരം ചർച്ചകളും സംഘടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്നത് വ്യക്തമാണ്. ഫിയക്കോണ തയ്യാറാക്കിയ 761 ആക്രമണങ്ങളുടെ പട്ടികയിൽ വലിയൊരു ശതമാനവും ആൾക്കൂട്ട ആക്രമണങ്ങളാണ്.

ഇന്ത്യയിലെ ഒരു ക്രിസ്ത്യാനി ഇന്ന്, പള്ളിയിലിരിക്കുമ്പോഴോ പ്രാർത്ഥനകളിലൂടെയും സ്തുതിഗീതങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും യേശുവിനെ ആരാധിക്കുമ്പോഴോ, കോപാകുലരായ നൂറുകണക്കിന് ആളുകൾ ഇരുമ്പ് ദണ്ഡുകളും മറ്റ് ആയുധങ്ങളുമായി സമാധാനപരമായ പ്രാർത്ഥനാ ഹാളിലേക്ക് കയറി പ്രാർത്ഥനാനിരതരായ പാവങ്ങളെ മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്ത് കണ്ണിൽ കണ്ടതെല്ലാം തകർക്കുന്നതിനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. ബി.ജെ.പി ഭരണത്തിന് കീഴിലുള്ള ഇന്നത്തെ ഇന്ത്യയിൽ ഇതൊരു സ്ഥിരംസംഭവമായി മാറിക്കഴിഞ്ഞു.

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും രാജ്യത്തെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസിന്റെ (രാഷ്ട്രീയ സ്വയംസേവക് സംഘ്) രാഷ്ട്രീയ പ്രത്യയശാസ്ത്രം അവരുടെ സൈദ്ധാന്തികനായിരുന്ന എം എസ് ഗോൾവാൾക്കർ കൈമാറിയ മാർഗ്ഗരേഖകളാണ് ഇപ്പോഴും പിൻപറ്റുന്നത്.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും സ്വന്തം മതവും സംസ്കാരവും ഉപേക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം, ഈ രാജ്യത്ത് (ഇന്ത്യയിൽ) വിദേശികളായിരിക്കാൻ മാത്രമേ അവർക്ക് സാധിക്കൂ എന്നും ‘വേറിട്ട അസ്തിത്വം’ നഷ്ടപ്പെടാതെ ഇവിടെ താമസിച്ചാൽ അവർ ശത്രുക്കളോ മൂഢന്മാരോ ആയി മാത്രമേ പരിഗണിക്കപ്പെടുകയുള്ളു എന്നുമാണ് ‘അവ്ർ നേഷൻഹുഡ് ഡിഫൈൻഡ്’ എന്ന പുസ്തകത്തിൽ അദ്ദേഹം വാദിച്ചിരിക്കുന്നത്. എല്ലാ ക്രിസ്ത്യാനികളെയും ശത്രുക്കളായും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ ഏജന്റുമാരായും കരുതുന്നതിലേക്കും ഈ വാദഗതികൾ വഴിതിരിക്കുന്നു.

മോഡി സർക്കാർ ഭരിക്കുന്ന ഇന്ത്യയിൽ, എഫ്‌സിആർഎ നിരസിച്ചും, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും, അവസാനിക്കാത്ത അന്വേഷണങ്ങൾ നടത്തിയും, ഓഡിറ്റിംഗ് പതിവാക്കിക്കൊണ്ടും, ചുമതലപ്പെട്ട അധികൃതരെ നിരന്തരം ബുദ്ധിമുട്ടിച്ചും, ക്രിസ്ത്യൻ സ്ഥാപനങ്ങളെ തേജോവധം ചെയ്യുകയാണ്. ഇന്ത്യാമഹാരാജ്യത്തെ ബഹു-സാംസ്കാരിക ബഹുസ്വരത എന്ന ആശയത്തെ തന്നെ വെല്ലുവിളിക്കുന്ന കാവി അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് മോഡി സർക്കാർ സ്വീകരിച്ച ഹിന്ദുത്വ തത്വശാസ്ത്രവുമായി ഈ നീക്കങ്ങൾക്ക് ബന്ധമുണ്ടെന്നാണ് തോന്നുന്നത്. വിദേശ സന്ദർശനവേളയിൽ ഗാന്ധിജിയുടെ ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപ്പത്തിന്റെ അധരസേവനം നടത്തുന്ന മോഡി, ഇന്ത്യയിലേക്ക് മടങ്ങുന്നതും ആ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്നതായാണ് കാണുന്നത്.

ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിനെതിരായ ആക്രമണത്തിന്റെ ഉദ്ദേശ്യം പലതാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ ഒരംശം മാത്രമാണ് ക്രിസ്ത്യാനികളെങ്കിലും സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ പരിപാലനരംഗങ്ങളിൽ അവർ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെ പല ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും തുടക്കംകുറിച്ചത് ക്രിസ്ത്യൻ മിഷനറിമാരാണ്, അവ ഇപ്പോഴും പ്രവർത്തിക്കുന്നത് വിദേശ ധനസഹായത്തോടെയാണ്. ഹിന്ദുത്വ തത്ത്വചിന്തയുടെ തീവ്ര വലതുപക്ഷത്തുള്ള പലരും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നു. അവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്, ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കേണ്ടത് ആവശ്യമാണ്. അവരുടെ സംഭാവനകൾ കുറയ്ക്കുക വഴി, പൊതുസമൂഹത്തിലുള്ള അവരുടെ സ്ഥാനം ഇല്ലാതാക്കിക്കൊണ്ട് തങ്ങളുടെ ഉദ്ദേശം നേടിയെടുക്കാൻ നടത്തുന്ന കൂട്ടായ ശ്രമമാണ് ഫലം കാണുന്നത്.

ഇന്ത്യയിലെ ക്രിസ്തുമതവിശ്വാസികൾക്ക്, മോഡിക്കെതിരെ ചെറുത്തു നിൽക്കാനുള്ള പിൻബലമോ ധൈര്യമോ ഉണ്ടോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, അവർക്ക് അഖണ്ഡതയോടെ ഒത്തുചേരാനും പൗരന്മാരുടെ ദേശീയത അവന്റെ വിശ്വാസങ്ങളുടെ വീക്ഷണകോണിലൂടെ വിലയിരുത്തുന്നത് അന്യായവും കപടവുമായ പ്രവണതയാണെന്ന് പ്രഖ്യാപിക്കാനും കഴിയും.

ജൂലൈ 3-ന് ആഗോളതലത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിച്ചു കൊണ്ട്, അവർ തങ്ങളുടെ വ്യക്തിത്വം പുനഃസ്ഥാപിക്കുക മാത്രമല്ല ചെയ്യുന്നത്; തങ്ങളുടെ വിശ്വാസം പുതുക്കുകയും പ്രിയപ്പെട്ട പൈതൃകം യഥാർത്ഥമാണെന്നും അത് സംരക്ഷിക്കാൻ അവർ എന്നേക്കും പ്രതിജ്ഞാബദ്ധരാണെന്നും ലോകത്തോട് ഉറക്കെ വിളിച്ചോതുകകൂടിയാണ്.

Print Friendly, PDF & Email

Leave a Comment

More News