ന്യൂയോര്‍ക്കില്‍ പൂര്‍ണമായി ചിത്രീകരിച്ച ലോക്ക്ഡ് ഇന്‍- മലയാള ത്രില്ലെര്‍ ചിത്രത്തിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യുന്നു

ന്യൂയോര്‍ക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതല്‍ക്കൂട്ടായി ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി സമ്പൂര്‍ണ ചിത്രീകരണം നിര്‍വഹിച്ച കുറ്റാന്വേഷണ ത്രില്ലെര്‍ സിനിമ ‘ലോക്ക്ഡ് ഇന്‍’ (ഘീരസലറ കി) ആഗസ്ത് മാസം മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്നു. ഈ ചിത്രത്തിന്റെ ടീസര്‍ ജൂലൈ 1 ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്യുകയാണ്. പുതുമകള്‍ ധാരാളം നിറഞ്ഞു നില്‍ക്കുന്ന ഈ ത്രില്ലെര്‍ ചിത്രത്തിന്റെ ടീസറും പുതുമകള്‍ ഉള്‍ക്കൊള്ളിച്ചു റിലീസ് ചെയ്യുന്നതിനാണ് പിന്നണി പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. ‘ഇത് നമ്മുടെ സിനിമ’ എന്ന ആപ്ത വാക്യത്തോടെ ആയിരം പേര്‍ ആയിരം സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്തു പുതുമ സൃഷ്ടിക്കുന്നത് മലയാള സിനിമയില്‍ ഇതാദ്യമാണ്. ‘ആയിരത്തില്‍ ഒരുവന്‍’ എന്ന അഭിമാനത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്യുന്ന ഓരോരുത്തര്‍ക്കും ഇത് പ്രത്യേക അനുഭവത്തിന്റെ നിമിഷങ്ങളാണ്.

അമേരിക്കയില്‍ സമീപകാലത്തു നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച ‘ലോക്ക്ഡ് ഇന്‍’ സിനിമ ന്യൂയോര്‍ക്കിലെ പ്രശസ്ത കലാകാരനും ഗായകനുമായ ശബരീനാഥാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ശബരീനാഥ് മലയാള സിനിമയിലെ ഏതാനും പ്രശസ്ത സംവിധായകരോടൊപ്പം ചില സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച പരിചയസമ്പത്തിലാണ് ഈ സിനിമ സംവിധാനം ചെയ്തത്. വളരെ ആവേശകരമായി അവസാനം വരെ കണ്ടിരിക്കാവുന്ന ഈ കുറ്റാന്വേഷണ സസ്‌പെന്‍സ് ത്രില്ലെര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം നിര്‍വഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാരനായ ശബരീനാഥ് തന്നെയാണ്. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും വച്ച് പൂര്‍ണമായി ചിത്രീകരിച്ചിരിക്കുന്ന ഒന്നര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള സിനിമയിലെ അഭിനേതാക്കളും ന്യൂയോര്‍ക്ക് ന്യൂജേഴ്സി ഭാഗത്തുള്ളവര്‍ തന്നെയാണ്. അവരോടൊപ്പം ഹോളിവുഡ് അഭിനേതാക്കളായ ഏതാനും പേരും അഭിനയിച്ചിട്ടുണ്ട്.

റൊമാന്‍സും കൊലപാതകവും കുറ്റാന്വേഷണവും എല്ലാം സമ്മിശ്രമായി ഉള്‍ക്കൊള്ളുന്ന ഈ സിനിമയില്‍ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഷാജി എഡ്വേഡ്, സവിത റാവു, ഹാനാ അരീച്ചിറ, ആല്‍ബിന്‍ ആന്റോ, സണ്ണി കല്ലൂപ്പാറ എന്നീ അഭിനേതാക്കളോടൊപ്പം ഹോളിവുഡ് നടന്‍ ജോയല്‍ റാറ്റ്‌നറും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിലാല്‍ നായര്‍ നിര്‍മ്മാണവും ക്യാമറാമാന്‍ ജോണ്‍ മാര്‍ട്ടിന്‍ ഛായാഗ്രഹണവും നിര്‍വഹിച്ച സിനിമയുടെ പ്രൊജക്റ്റ് ഡിസൈനര്‍ അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസാണ്. ആഗസ്ത് മാസം മൂന്നാം വാരം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സാധാരണയായി മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലൂടെ മലയാളികള്‍ക്കായി സമ്മാനിക്കാനാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

മലയാളത്തിന്റെ വാനമ്പാടിയായ കെ. എസ്. ചിത്ര ആലപിച്ച ‘മുകിലേ ചാരെ വന്നു…..’ എന്ന ഈ സിനിമയിലെ ഗാനം ഇതിനോടകം സംഗീത സ്‌നേഹികളുടെയിടയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. എത്ര കേട്ടാലും മതിവരാത്ത ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് സിജു തുറവൂരും സംഗീത സംവിധാനം നിര്‍വഹിച്ചത് ഗായകന്‍ കൂടിയായ ശബരീനാഥുമാണ്. എഴുപതു-എണ്‍പതുകളിലെ മലയാള സിനിമാ നിര്‍മ്മാതാവായിരുന്ന തിരുവനന്തപുരം മുല്ലശ്ശേരില്‍ മുകുന്ദന്റെ മകനായ ശബരീനാഥ് ന്യൂയോര്‍ക്ക് പ്രദേശത്തെ അറിയപ്പെടുന്ന ഒരു ഗായകനാണ്. ചിത്ര ആലപിച്ച ഈ ശ്രുതിമധുര ഗാനം സൈനാ വീഡിയോസ് യൂ-ട്യൂബിലൂടെ പൊതുസമൂഹത്തില്‍ എത്തിച്ചപ്പോള്‍ രണ്ടാഴ്ചക്കുള്ളില്‍ ഏകദേശം അരലക്ഷത്തിലധികം പേരാണ് ആസ്വദിച്ചിട്ടുള്ളത്.

കോവിഡ് പ്രതിസന്ധി കാലത്തു നിര്‍മ്മിച് മലയാള സിനിമക്ക് വേറിട്ടൊരനുഭവം നല്‍കുന്ന ‘ലോക്ക്ഡ് ഇന്‍’ (ഘീരസലറ കി) സിനിമ തിയേറ്ററില്‍ പോയി കണ്ടാസ്വദിക്കുവാന്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ എല്ലാ മലയാളികളും ആവേശത്തോടെ കാത്തിരിക്കുകയാണ്. ഉദ്വേഗ നിര്‍ഭരമായ നിമിഷങ്ങള്‍ ആസ്വദിച്ചു ഈ സിനിമാ വിജയത്തിലെത്തിക്കുമ്പോള്‍ വീണ്ടും ഇതിലും മനോഹരമായ സൃഷ്ടികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുവാന്‍ ഇതിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മലയാളികളായ നമ്മുടെ ഓരോരുത്തരുടേയും കടമ.

Print Friendly, PDF & Email

Leave a Comment

More News