ഷിന്‍സോ അബെയുടെ മരണം; രണ്ട് ബുള്ളറ്റുകളില്‍ ഒന്ന് ആബെയുടെ ഹൃദയത്തിലേക്ക് തുളച്ചു കയറി; ഡോക്ടര്‍മാരുടെ അഞ്ച് മണിക്കൂര്‍ ശ്രമം വിഫലമായി

ജപ്പാൻ: ഇന്ന് രാവിലെ വെടിയേറ്റ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയെ അഞ്ച് മണിക്കൂറോളം ഡോക്ടർമാർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും “ഹൃദയത്തിലെ മാരകമായ മുറിവ്” കാരണം അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ടോക്കിയോയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള നാരയിൽ 67 കാരനായ ഷിൻസോ ആബെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് പിന്നിൽ നിന്ന് കഴുത്തിന് രണ്ട് തവണ വെടിയേറ്റത്.

“അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഹൃദയം സ്തംഭിച്ചിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ പല ശ്രമങ്ങളും നടത്തി. നിർഭാഗ്യവശാൽ, വൈകുന്നേരം 5:03 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു,” പ്രൊഫസർ ഹിഡെറ്റാഡ ഫുകുഷിമ പറഞ്ഞു. രണ്ട് ബുള്ളറ്റുകളിൽ ഒന്ന് അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറുകയും മറ്റേത് മുറിവുകൾ വഷളാക്കുകയും ചെയ്തു.

വെടിവെച്ചയാള്‍, ജപ്പാൻ നാവികസേനയിലെ മുൻ അംഗമായ 41 കാരനായ തെത്സുയ യമഗാമി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല. ആബെയിൽ തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹത്തെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാര സ്വദേശിയും ജപ്പാൻ മുൻ നാവിക സേനാംഗവുമായ 41 കാരനായ  തെത്സുയ യമഗാമിയാണ് കൊലപാതകം ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. 2005ൽ നാവിക സേനയിൽ നിന്നും സജീവ സേവനം ഉപേക്ഷിച്ച വ്യക്തിയാണ് തെത്സുയ യമഗാമി. മുൻ നാവികസേനാംഗം ആബെയ്ക്ക് സമീപം എങ്ങനെയെത്തിയെന്നും വ്യക്തമായും കൃത്യമായും രണ്ട് തവണ ആബെയുടെ കഴുത്തിൽ വെടിയുതിർക്കുന്നതിന് എങ്ങനെ സാധിച്ചുവെന്നതും മുൻ പ്രധാനമന്ത്രിക്കുണ്ടായിരുന്ന സുരക്ഷയിൽ ചോദ്യചിഹ്നം തീർക്കുകയാണ്. 5 സെന്‍റീമീറ്റർ അകലത്തിലാണ് രണ്ട് വെടിയുണ്ടകളും ആബെയുടെ കഴുത്തിൽ പതിച്ചത്.

കൊലയാളി ഇതിനായി നന്നായി പരിശീലനം നേടിയിരുന്നുവെന്നോ അല്ലെങ്കിൽ കൃത്യമായി പതിക്കാൻ മാത്രം മികച്ചൊരു തിരയായിരുന്നു അതെന്നും അനുമാനിക്കാം. എന്നാൽ പൊലീസിന് ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പില്ല. ചാരനിറത്തിലുള്ള ടീ-ഷർട്ടും കാക്കി കാർഗോയും തോക്ക് സൂക്ഷിച്ചിരുന്നുവെന്ന് സംശയിക്കുന്ന കുറുകെ ധരിക്കുന്ന ഒരു കറുത്ത ബാഗുമായി ഇടത്തരം ഉയരമുള്ള കൊലയാളി സംഭവത്തിന് തൊട്ടുമുമ്പ് എടുത്ത നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആരോഗ്യപരമായ കാരണങ്ങളാൽ 2020ൽ ഷിൻസോ രാജി വച്ചെങ്കിലും അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കിയിരുന്നു. കുറ്റകൃത്യങ്ങളില്ലാത്ത ഒരു സമൂഹത്തെ ലോകത്തിന് സംഭാവന നൽകിയ ലോകത്തിലെ ഏറ്റവും മികച്ച നിയമപാലകർ ഉള്ള രാജ്യമാണ് ജപ്പാൻ. വളരെ കർക്കശമായ തോക്ക് നിയന്ത്രണ നിയമങ്ങൾ രാജ്യത്ത് നിലനിൽക്കുമ്പോഴും കൊലപാതകിയുടെ പക്കൽ തോക്ക് എങ്ങനെ വന്നു എന്നത് ആശങ്കാജനകമാണ്.

കൊലപാതകത്തിന് പിന്നിലെ ആസൂത്രണം: യമഗാമി കൈകൊണ്ട് നിർമിച്ച ഡബിൾ ബാരൽ തോക്കും വെടിയുണ്ടകളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ക്രമീകരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്‌തു എന്നതും ആശങ്കയുയർത്തുന്നു. യമഗാമിയുടെ നാരയിലെ താമസസ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ നിരവധി സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇതിൽ നിന്നും വളരെ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്‌ത കൊലപാതകമായിരുന്നു ആബേയുടേതെന്ന് വ്യക്തമാണ്.

ജപ്പാന്‍റെ ഇടതുപക്ഷ പോളിസികളിൽ വലതു ചായ്‌വ് കൊണ്ടുവന്ന പ്രധാനമന്ത്രിയാണ് യാഥാസ്ഥിതിക ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) അംഗമായ ആബെ. ദീർഘകാലമായി നിലനിന്നിരുന്ന സമാധാനവാദ നയത്തിൽ നിന്ന് കൂടുതൽ സൈനിക നയത്തിലേക്ക് അദ്ദേഹം രാജ്യത്തെ നയിച്ചു. 1945ലെ രണ്ടാം ലോകമഹായുദ്ധ കാലത്ത് 3,55,000 പേരെ കൊന്നൊടുക്കുകയും ജപ്പാനെ വീണ്ടും സൈനികവൽക്കരിക്കാനുള്ള നയത്തിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്‌ത അമേരിക്കയുമായി ചൈനയെ നേരിടാൻ സഖ്യം ചേർന്നതിന് ആബെയ്‌ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

ആക്രമണത്തിന് ശേഷം കൊലയാളി ഓടാനോ രക്ഷപ്പെടാനോ ശ്രമിച്ചില്ലെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ആബേയുടെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രവും നയങ്ങളും യമഗാമിയെ കാര്യമായി ബാധിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഇത് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിൽ വീണ്ടും ദുരൂഹത സൃഷ്‌ടിക്കുകയാണ്.

ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ കൊലപാതകത്തെ “പൊറുക്കാനാവാത്ത പ്രവൃത്തി” എന്ന് വിശേഷിപ്പിച്ചു. “അബെ എട്ട് വർഷവും എട്ട് മാസവും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു, ജാപ്പനീസ് രാഷ്ട്രീയത്തിലെ ഒരു റെക്കോർഡ്. തന്റെ മികച്ച നേതൃത്വവും നിർവ്വഹണവും കൊണ്ട് അദ്ദേഹം ഈ രാജ്യത്തെ ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികളിലൂടെ നയിച്ചു,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News