കർണാടകയിൽ മുസ്ലീം യുവാവിനെ വെട്ടിക്കൊന്നു

ദക്ഷിണ കന്നഡ: കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്റെ കുടുംബത്തെ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം കർണാടകയിലെ മംഗളൂരു ജില്ലയിൽ ഒരു മുസ്ലീം യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു.

മംഗളൂരുവിൻറെ പ്രാന്തപ്രദേശത്തുള്ള സൂറത്ത്കലിന് സമീപമുള്ള മംഗൽപേട്ടയിൽ താമസിക്കുന്ന മുഹമ്മദ് ഫാസിൽ എന്ന മുസ്ലീം യുവാവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് ഫാസിലിനെ വെട്ടിയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് കൊല്ലപ്പെട്ട ഫാസില്‍. വെട്ടേറ്റ ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ച്ചയായ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ദക്ഷിണ കര്‍ണാടകയിലെ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു ചൊവ്വാഴ്ചയാണ് വേട്ടേറ്റ് മരിച്ചത്.

അതേസമയം, ആവശ്യമായി വന്നാല്‍ സംസ്ഥാനത്ത് യോഗി മോഡല്‍ ഭരണം നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ രംഗത്തെത്തി. പ്രവീണ്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ഇത്തരം സാഹചര്യങ്ങള്‍ തക്കതായ രീതിയില്‍ കൈകാര്യം ചെയ്ത മുഖ്യമന്ത്രിയാണു യോഗി ആദിത്യനാഥന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രവീണിന്റെ കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി ഉചിതമായ ശിക്ഷ നല്‍കും. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ബസവരാജ് ബൊമ്മ പറഞ്ഞു. മുഖ്യമന്ത്രി പ്രവീണിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറുകയും ചെയ്തിരുന്നു.

പ്രവീണിന്റെ കൊലയാളികളെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ എംപി രേണുകാചാര്യ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുള്ള്യ ബെള്ളാരി സ്വദേശി ഷഫീക്ക് (27), സവണൂരു സ്വദേശി സാക്കിര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ഹിന്ദുത്വ പ്രവർത്തകർ നടത്തിയ പ്രതികാര കൊലപാതകമാണെന്ന് പോലീസ് വൃത്തങ്ങൾ സംശയിക്കുന്നു, എന്നാൽ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

സൂറത്ത്കലിന്റെ പരിസര പ്രദേശങ്ങളിലെ നാല് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മംഗളൂരു പോലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു.

സൂറത്ത്കൽ, മുൽക്കി, ബജ്‌പെ, പനമ്പൂർ എന്നിവിടങ്ങളിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ നിലനിൽക്കും.

Print Friendly, PDF & Email

Leave a Comment

More News