700 കോടി മുടക്കി നിർമിച്ച ആശുപത്രിയുടെ ശോചനീയാവസ്ഥ; രോഗികൾക്ക് പകരം എലികൾ ഗ്ലൂക്കോസ് കുടിക്കുന്നു

റായ്പൂർ: രോഗികളുടെ ഗ്ലൂക്കോസ് പോലും കുടിക്കുന്ന തരത്തിലാണ് ഛത്തീസ്ഗഢിലെ ആശുപത്രിയിൽ എലികളുടെ ഭീകരത. മാത്രവുമല്ല, ആശുപത്രിയിലെ മെഷീനുകളുടെ വയറുകൾ ദിവസവും മുറിച്ച് രോഗികളെ ദ്രോഹിക്കുകയും ചെയ്യുന്നു. ഈ എലികളെ കൊല്ലാൻ ആശുപത്രി അധികൃതർ ടെൻഡർ നൽകിയിരിക്കുകയാണിപ്പോള്‍.

700 കോടി രൂപ ചെലവിൽ നിർമിച്ച ബസ്തറിലെ ജഗദൽപൂർ മെഡിക്കൽ കോളജിന്റെ സ്ഥിതിയാണിത്. ഏകദേശം 5000 എലികൾ ഈ ആശുപത്രിയിൽ നാശം വിതച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സി ടി സ്കാൻ മെഷീന്റെ വയർ മുറിച്ചതുകൊണ്ട് രണ്ടു ദിവസമായി പ്രവർത്തനത്തെ ബാധിച്ചു.

ഈ എലികളെ കൊല്ലാൻ 10 മുതൽ 12 ലക്ഷം രൂപവരെയാണ് ആശുപത്രി അധികൃതർ നീക്കിവച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. ഈ കമ്പനി എലികളെ കൊല്ലാൻ 6 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിദിനം അമ്പതോളം എലികളെ കൊന്ന് കുഴിച്ചുമൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 1500 ഓളം എലികളെ കൊന്ന് കുഴിച്ചിട്ടു. എന്നാൽ, അതിന് ശേഷവും എലികളുടെ പരിഭ്രാന്തി കുറഞ്ഞിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രോഗിക്ക് പകരം എലി ഗ്ലൂക്കോസ് കുടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഒരു രോഗിയാണ് ആ രംഗം മൊബൈലില്‍ പകര്‍ത്തിയത്.

കട്ടിലിൽ കിടക്കുന്ന രോഗിക്ക് ഗ്ലൂക്കോസ് നൽകുന്ന ഗ്ലൂക്കോസ് കുപ്പിയുടെ സ്റ്റാൻഡിൽ നിന്ന് എലി ഇറങ്ങിവന്ന് രോഗിയുടെ ട്ര്യൂബ് പല്ലുകൊണ്ട് കടിച്ചു മുറിക്കുന്നു. അപ്പോൾ മറ്റൊരു എലി ഇറങ്ങി വന്ന് ആ പൈപ്പിൽ നിന്ന് ഒഴുകുന്ന ഗ്ലൂക്കോസ് കുടിക്കാൻ തുടങ്ങുന്നു.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എലികൾ ഉറങ്ങാറില്ലെന്ന് രോഗികൾ പറയുന്നു. പല രോഗികളും ഈ എലികളുടെ കടിയേറ്റിട്ടുണ്ട്. ആശുപത്രിയിൽ എലി ശല്യം വർധിച്ചിട്ടുണ്ടെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ബസ്തർ കലക്ടർ ചന്ദൻ കുമാർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News