സർവീസ് നിർത്തി വെക്കുന്നത് കെഎസ്ആർടിസിയുടെ അന്ത്യം: വി ഡി സതീശന്‍

കൊല്ലം: ഡീസൽ പ്രതിസന്ധിയുടെ പേരിൽ ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്ആർടിസി മരണത്തിന്റെ വക്കിലാണ്, സർവീസുകൾ നിർത്തിവച്ചത് അതിന്റെ സൂചനയാണ്. ലാഭകരമായ സേവനങ്ങൾ സ്വിഫ്റ്റിലാക്കി. കെഎസ്ആർടിസിയുടെ നഷ്ടം 5 മടങ്ങ് വർധിച്ചു. ഇത് തീവ്ര വലതുപക്ഷ സമീപനമാണ്, കെഎസ്ആർടിസി അടച്ചുപൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും. എണ്ണ കമ്പനികൾക്ക് വൻ തുക കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 135 കോടി രൂപയാണ് എണ്ണ കമ്പനികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകൾ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഗതാഗത മന്ത്രിയാണ് ഉത്തരവാദിയെന്ന ആക്ഷേപവുമായി ഭരണാനുകൂല യൂണിയനായ എഐടിയുസിയും രംഗത്തെത്തിയിട്ടുണ്ട്. ഡീസല്‍ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു.

സാമ്പത്തിക പ്രതിസന്ധി തുടർന്നാൽ കെ.എസ്.ആർ.ടി.സി.ക്ക് ഒരു സർവീസും നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. മന്ത്രിയുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News