ഗവർണ്ണറുടെ കടും‌പിടുത്തം സിപി‌എമ്മിനെ വെട്ടിലാക്കുന്നു; നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ കണ്ണടച്ച് ഒപ്പിടുകയില്ല

തിരുവനന്തപുരം: ഓർഡിനൻസ് പാസാക്കാൻ പിണറായി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത് പാഴായേക്കും. കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ ബില്ലുകളാക്കി ഗവർണറുടെ അംഗീകാരത്തിനായി അയച്ചാലും ഗവർണർ ഒപ്പിടുന്നതുവരെ ബില്ലുകൾ സാധുവാകില്ല. സി.പി.എമ്മും സർക്കാരും ഗവർണറെ പരസ്യമായി വെല്ലുവിളിക്കുമ്പോൾ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ കണ്ണടച്ച് ഒപ്പിടാൻ സാധ്യതയില്ല.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ സമയപരിധി ഭരണഘടന അനുശാസിക്കുന്നില്ല. മതിയായ കാരണങ്ങളുണ്ടെങ്കിൽ ബിൽ തിരിച്ചയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഗവർണർക്ക് ഗവൺമെന്റിന്റെ നിയമനിർമ്മാണ നിർദ്ദേശങ്ങൾ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം, അവ പുനഃപരിശോധിക്കാൻ തിരിച്ചയക്കുകയോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുകയോ ചെയ്യാം. ഈ അധികാരം മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവവും ഉപയോഗിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചാല്‍ ആറ് മാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാം. ഗവര്‍ണര്‍ ബില്‍ പിടിച്ചുവച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളില്‍ പരമപ്രധാനമായി കണക്കാക്കപ്പെടുന്ന ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരം വാങ്ങുക എന്നത് പ്രധാന കടമ്പയാണ്. കാരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയില്‍ കേസ് നിലവിലുണ്ട്. ഈ കേസില്‍ വിധി പിണറായിക്കെതിരാവുകയാണെങ്കില്‍ രാജിവയ്‌ക്കേണ്ടി വരും.

കേരളത്തിൽ ഓർഡിനൻസ് രാജാണെന്ന ഗവർണറുടെ വിമര്‍ശനം പരിഗണിച്ചാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ബില്ലുകൾ പാസാക്കാൻ സർക്കാർ മുൻകൈയെടുത്തത്. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ്, കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പബ്ലിക് സർവീസ് ഭേദഗതി, പിഎസ്‌സി കമ്മീഷൻ ഭേദഗതി, കേരള പ്രൈവറ്റ് ഫോറസ്റ്റ് റിസർവേഷനും പതിച്ചു നല്‍കല്‍ ഭേദഗതി, വ്യാവസായിക വികസനവും വ്യാവസായിക വികസനം ഏകജാലക ബോർഡും, കേരള പൊതുമേഖലാ നിയമന ബോർഡ്, കേരള ജ്വല്ലറി തൊഴിലാളി ക്ഷേമനിധി ബോർഡ്, ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് നിയമ ഭേദഗതി, കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി, ലെജിസ്ലേറ്റീവ് സെലക്ട് കമ്മിറ്റി എന്നിവയുടെ പരിഗണനയിലുള്ള പൊതുജനാരോഗ്യ ബില്ലും സഭയിൽ എത്തിയേക്കും.

ദുരിതാശ്വാസ നിധി മുഖ്യമന്ത്രി ദുരുപയോഗം ചെയ്തു എന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് വന്നത്. ഈ ഓര്‍ഡിനന്‍സിനെതിരെ ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ലോകായുക്തയുടെ തീരുമാനം അതിന്റെ വിധിക്ക് വിധേയമായിരിക്കുമെന്ന് അന്നുതന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് അസാധുവാക്കിയ പശ്ചാത്തലത്തിൽ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹർജിക്കാരനായ ശശികുമാർ. ശശികുമാറിന്റെ ഹർജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കുകയും ബില്ലിൽ ഗവർണർ ഒപ്പിടാൻ വൈകുകയും ചെയ്താൽ ലോകായുക്തയുടെ വിധി നിർണായകമാകും.

Print Friendly, PDF & Email

Leave a Comment

More News