ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ട ഇണ്ടം‌തുരുത്തി മന ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായി മാറിയത് കാലത്തിന്റെ കാവ്യനീതി

കോട്ടയം: ദേശീയ ശ്രദ്ധ നേടിയ പ്രസ്ഥാനമായിരുന്നു അയിത്തത്തിനെതിരായ വൈക്കം സത്യാഗ്രഹം. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് മഹാത്മാഗാന്ധിയായിരുന്നു. 1924 മാർച്ച് 30 ന് ആരംഭിച്ച വൈക്കം സമരം 1925 നവംബർ 23 ന് അവസാനിച്ചു. അവർണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തിയ മന ഇന്ന് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു.

സവർണ മനോഭാവം പുലർത്തിയിരുന്ന നീലകണ്ഠൻ നമ്പൂതിരി വൈശ്യനായിരുന്ന ഗാന്ധിജിയെ മനയ്ക്കകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സംസാരിക്കാനെത്തിയ ഗാന്ധിജിയെ മനയുടെ പുറത്ത് ഇരുത്തിയാണ് സംസാരിച്ചത്. അതിനായി മനയ്ക്ക് പുറത്ത് പ്രത്യേക പന്തലും ഒരുക്കിയിരുന്നു. മാത്രവുമല്ല, വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണ്ണരെ നടക്കാൻ അനുവദിക്കണമെന്ന ഗാന്ധിജിയുടെ ആവശ്യം നമ്പൂതിരി അവഗണിച്ചു. അതോടെ ഗാന്ധിജി തിരികെ പോകുകയായിരുന്നു.

സവർണ മേധാവിത്വം കൊടികുത്തി വാഴ്ന്ന മന ഇപ്പോൾ വൈക്കത്തെ ചെത്തു തൊഴിലാളി യൂണിയൻ ഓഫിസാണ്. താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാതിരുന്ന മന തൊഴിലാളികളുടെ കൈയിലെത്തിയതും കാലത്തിന്റെ കാവ്യനീതി. 1963ൽ ക്ഷയിച്ചു തുടങ്ങിയതോടെ നമ്പൂതിരി ഇല്ലം വിൽക്കാൻ തീരുമാനിച്ചു. തുടര്‍ന്നാണ് ചെത്തു തൊഴിലാളി യൂണിയൻ സമീപിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന സികെ വിശ്വനാഥന്‍ നേതൃത്വം നല്‍കി പണം സമാഹരിച്ച് പിന്നീട് പ്രസ്ഥാനത്തിനു വേണ്ടി മന വാങ്ങുകയായിരുന്നു.

ചെത്തു തൊഴിലാളി യൂണിയനാണ് ഈ ചരിത്ര സ്മാരകം ഇപ്പോള്‍ സംരക്ഷിച്ചു പോരുന്നത്. ദ്രവിച്ച മരങ്ങൾ ഉൾപ്പെടെ മന അതേ രൂപത്തിൽ പുനർനിർമിക്കാൻ ഇതുവരെ 42 ലക്ഷത്തോളം രൂപ യൂണിയൻ ചെലവഴിച്ചു. ഇന്നും ഇണ്ടംതുരുത്തി മന കാണാൻ ചരിത്ര വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News