അര്‍ക്കന്‍സാസില്‍ പോലീസിന്റെ ക്രൂരത; മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍‌ഡ് ചെയ്തു

അര്‍ക്കന്‍സാസ്: സംസ്ഥാനത്തെ മൾബറി നഗരത്തിൽ മൂന്നു പോലീസുകാർ ഒരു യുവാവിന്റെ മേൽ മുട്ടുകാല്‍ കൊണ്ട് അമര്‍ത്തുകയും ഇടിക്കുകയും അയാളുടെ മുഖത്ത് ക്രൂരമായി ഇടിക്കുകയും, തല നിലത്തേക്ക് അമര്‍ത്തുകയും ചെയ്യുന്ന പോലീസ് അതിക്രമത്തിന്റെ പുതിയ വീഡിയോ വൈറലായതിന് ശേഷം പോലീസിന്റെ ക്രൂരതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.

സൗത്ത് കരോലിനയിലെ ഗൂസ് ക്രീക്കിൽ നിന്നുള്ള റാൻഡൽ വോർസെസ്റ്റർ എന്ന 27-കാരനാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഒരു കൺവീനിയൻസ് സ്റ്റോറിന് പുറത്തു വെച്ചാണ് യുവാവിനെ രണ്ട് ഡെപ്യൂട്ടിമാരും ഒരു പോലീസ് ഓഫീസറും ക്രൂരമായി മര്‍ദ്ദിച്ചത്.

വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അക്രമ സംഭവത്തെക്കുറിച്ച് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അന്വേഷണം നടത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു. അന്വേഷണത്തിന്റെ ഫലം വരെ ഡെപ്യൂട്ടിമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്,” ക്രോഫോർഡ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

എന്റെ എല്ലാ ജീവനക്കാരുടെയും പ്രവർത്തനങ്ങൾക്ക് ഞാൻ ഉത്തരവാദിയാണെന്നും, ഈ വിഷയത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും ഞായറാഴ്‌ച വൈകുന്നേരം ക്രോഫോർഡ് കൗണ്ടി ഷെരീഫ് ജിമ്മി ഡമാന്റേ പറഞ്ഞു.

മൾബറിയിലെ കൺവീനിയൻസ് സ്റ്റോർ ജീവനക്കാരനെ യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പോലീസിനെ വിളിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെ മുഷ്ടി ചുരുട്ടി ആവർത്തിച്ച് ക്രൂരമായി ഇടിക്കുന്നത് വീഡിയോയിൽ കാണാം, മറ്റൊരാൾ മുട്ടുകാല്‍ കൊണ്ട് അമര്‍ത്തുന്നതും മൂന്നാമൻ യുവാവിനെ നിലത്തോട് ചേര്‍ത്ത് അമര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

പരിക്കേറ്റ യുവാവിനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് കൗണ്ടി ജയിലിലടയ്ക്കുകയും ചെയ്തു.

അർക്കൻസാസ് സ്റ്റേറ്റ് പോലീസിലെ കേണൽ ബിൽ ബ്രയന്റുമായി സംസാരിച്ചെന്നും, ക്രോഫോർഡ് കൗണ്ടിയിൽ നടന്ന അറസ്റ്റ് സംഭവം വീഡിയോ തെളിവുകളും പ്രോസിക്യൂട്ടിംഗ് അറ്റോർണിയുടെ അഭ്യർത്ഥനയും അനുസരിച്ച് അന്വേഷിക്കുകയും ചെയ്യുമെന്ന് അര്‍ക്കന്‍സാസ് ഗവര്‍ണ്ണര്‍ ആസാ ഹച്ചിന്‍സണ്‍ ട്വീറ്റ് ചെയ്തു.

2020 ൽ മിനസോട്ടയിലെ മിനിയാപൊളിസിൽ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം യുഎസ് പോലീസ് പരിഷ്കരണത്തിനായുള്ള മുറവിളി വർദ്ധിച്ചുവരികയാണ്.

ഫ്ലോയിഡിന്റെ മരണശേഷം, ജനപ്രതിനിധിസഭ രണ്ട് തവണ ജോർജ്ജ് ഫ്ലോയ്ഡ് ജസ്റ്റിസ് ഇൻ പോലീസിംഗ് ബിൽ പാസാക്കിയെങ്കിലും സെനറ്റ് റിപ്പബ്ലിക്കൻമാർ നിയമനിർമ്മാണത്തെ എതിർത്തു.

ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയതുപോലുള്ള ചോക്ക്‌ഹോൾഡുകളുടെ ഉപയോഗം നിരോധിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ ഫെഡറൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതാണ് ബിൽ.

Print Friendly, PDF & Email

Leave a Comment

More News