ആനക്കൊമ്പ് കേസ്: മോഹന്‍‌ലാല്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. ആനക്കൊമ്പ് കേസിൽ നേരിട്ട് ഹാജരാകാനുള്ള കീഴ്ക്കോടതി ഉത്തരവ് തടയണമെന്ന മോഹൻലാലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് താരത്തിന്റെ ഹർജി.

ഹർജിയിൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് മേരി ജോസഫ് വ്യക്തമാക്കി. സർക്കാർ ഹർജി തള്ളിയതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചതിലെ നിയമപ്രശ്നവും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാലിന് ഇത്തരമൊരു ഹർജി നൽകാൻ അവകാശമുണ്ടോ എന്നും, കേസിലെ പ്രതിക്ക് കോടതി നടപടികളുടെ ഭാഗമാകാമെന്നും ഹരജി നൽകാൻ അധികാരം അനുവദിച്ചാല്‍ പലരും കോടതിയെ സമീപിക്കുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി.

സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി: കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കീഴ്‌ക്കോടതി തള്ളിയതിനെതിരെ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി കേസ് ഓണാവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ഇക്കഴിഞ്ഞ ജൂണിൽ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും കേസുമായി മുന്നോട്ടു പോകാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു.

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. വസ്‌തുതകളോ നിയമവശങ്ങളോ പരിശോധിക്കാതെയാണ് സർക്കാർ ഹർജി, കീഴ്‌ക്കോടതി തള്ളിയത്. മാത്രവുമല്ല, തനിക്കെതിരെ കേസിൽ തെളിവുകൾ ഇല്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാനായി അനുമതി തേടി അപേക്ഷ നൽകിയതെന്നും ഹർജിയിൽ പറയുന്നു.

നടന് ആനക്കൊമ്പ് കൈമാറിയ പി.എൻ. കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2012ൽ ആദായനികുതി വകുപ്പ് മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ റെയ്ഡ് നടത്തി നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നു. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം മോഹൻലാലിനെ ഒന്നാം പ്രതിയാക്കി 2019-ൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News