ലിനിയുടെ മക്കള്‍ക്ക് അമ്മയായി പ്രതിഭ; ചേച്ചിയായി പ്രതിഭയുടെ മകള്‍ ദേവപ്രിയയും

കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ. ലിനിയുടെ ഭർത്താവ് സജീഷും കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി പ്രതിഭയും വടകര ലോകനാർകാവ് ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ വിവാഹിതരായി.

നിപ്പ പടര്‍ന്നുപിടിച്ചിരുന്ന കാലത്ത് മലയാളികളുടെ പ്രതീകമായി മാറിയ വ്യക്തിയായിരുന്നു നഴ്‌സ് ലിനി. നിപയാണെന്ന് അറിയാതെയാണ് ലിനി ആദ്യം ചികിത്സ തേടിയത്. പിന്നീട് രോഗം കണ്ടെത്തി ചികിത്സിച്ചെങ്കിലും വൈകിപ്പോയിരുന്നു. അവസാനം ലിനി മരണത്തിന് കീഴടങ്ങി.

രോഗം ബാധിച്ചതുമുതല്‍ മരിക്കുന്നതുവരെയുള്ള ചെറിയ കാലയളവില്‍ ലിനി കാണിച്ച മനോധൈര്യം കേരളം ചര്‍ച്ച ചെയ്‌തതാണ്. ഒപ്പം ചികിത്സയിലിരിക്കെ വിദേശത്തായിരുന്ന ഭർത്താവിന് എഴുതിയ കത്തും. ലിനിയുടെ വിയോഗശേഷം മക്കൾ റിതുവും സിദ്ധാർഥും അമ്മയുടെ സ്നേഹ സ്‌പർശമില്ലാതെയാണ് വളർന്നത്.

എന്നാലിപ്പോൾ സജീഷിന്റെ ജീവിതത്തിലേക്ക് പ്രതിഭ എത്തിയതോടെ അമ്മയുടെ വാത്സല്യം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണവര്‍. പ്രതിഭയുടെ മകൾ ഇനി സിദ്ധാർത്ഥിനും റിതുവിനും ചേച്ചിയായി ഒപ്പം ഉണ്ടാകും. 2018ൽ ലിനിയുടെ മരണശേഷം വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ സജീഷ് ഇപ്പോൾ സർക്കാർ ജോലിയിലാണ്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

Print Friendly, PDF & Email

Leave a Comment

More News