കണ്ണൂർ സർവകലാശാലയിലെ മലയാളം പ്രൊഫസര്‍ നിയമനം: ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസത്തേക്കു കൂടി നീട്ടി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ പേരുൾപ്പെട്ട മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റിൽ നിന്ന് കണ്ണൂർ സർവകലാശാല നിയമനം നടത്തുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് സെപ്തംബർ 30 വരെ നീട്ടി കേരള ഹൈക്കോടതി നീട്ടി. ഗവേഷണ കാലയളവ് അദ്ധ്യാപന അനുഭവമായി കണക്കാക്കാനാകില്ലെന്ന യുജിസിയുടെ സുപ്രധാന തീരുമാനം കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.

പ്രിയാ വർഗീസിനെ നിയമിച്ച സർവകലാശാലയുടെ നടപടിയെ ചോദ്യം ചെയ്ത് ചങ്ങനാശേരി എസ് ബി കോളജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജോസഫ് സ്‌കറിയ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.

പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. യുജിസി ചട്ടപ്രകാരം ഗവേഷണ കാലയളവ് അദ്ധ്യാപന കാലയളവായി കണക്കാക്കാനാകില്ലെന്ന് കോടതിയെ വാക്കാൽ അറിയിച്ചു.

ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ രണ്ടാമത്തെത്തിയ ചങ്ങനാശ്ശേരി എസ്.ബി.കോളെജ് അധ്യാപകന്‍ ജോസഫ് സ്‌കറിയയാണ് പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് ഓണം അവധിക്ക് ശേഷം അടുത്ത മാസം 16-ന് വീണ്ടും കോടതി പരിഗണിക്കും.

Print Friendly, PDF & Email

Leave a Comment

More News