മുണ്ടും ജുബ്ബയുമണിഞ്ഞ് തനി കേരളീയനായി പ്രധാനമന്ത്രി കേരളത്തിലെത്തി

കൊച്ചി: കേരളീയ വേഷമണിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് കൗതുകമായി. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. തനതായ മലയാളി ശൈലിയിൽ മുണ്ടും ജൂബയും ധരിച്ചാണ് അദ്ദേഹം നെടുമ്പാശ്ശേരിയിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ‘ഓണത്തിന്‍റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹര നാടാണ്.

സാംസ്കാരിക സൗന്ദര്യവും പ്രകൃതി സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഒരു ലക്ഷം കോടിയുടെ പദ്ധതികളാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കിയത്. പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഉന്നമനമാണ് ലക്ഷ്യം. പിഎംഎവൈ ദ്ധതി പ്രകാരം കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കി. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ ഉള്ളിടത്ത് വികസനം വേഗത്തില്‍ നടപ്പാകും. അത്തരം സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാന്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ബിജെപി പ്രവർത്തകരും നേരത്തെ എത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുകയും കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ബി.ജെ.പിയുടെ പരിപാടിക്ക് ശേഷം വൈകീട്ട് ആറിന് നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവ നടക്കും.

Print Friendly, PDF & Email

Leave a Comment

More News