പിഎം കിസാൻ പദ്ധതി: യുപിയിൽ തിരഞ്ഞെടുത്ത 21 ലക്ഷം കർഷകരെ അയോഗ്യരാക്കിയതായി കാർഷിക മന്ത്രി

ലഖ്‌നൗ : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഉത്തർപ്രദേശിൽ തിരഞ്ഞെടുത്ത 21 ലക്ഷം കർഷകർ അയോഗ്യരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സംസ്ഥാന കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹി.

പദ്ധതി പ്രകാരം ഇതുവരെ അർഹതയില്ലാത്ത കർഷകർക്ക് നൽകിയ തുക അവരിൽ നിന്ന് ഈടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ 2.85 കോടി കർഷകരെ സംസ്ഥാനത്ത് തിരഞ്ഞെടുത്തു, അതിൽ 21 ലക്ഷം ഗുണഭോക്താക്കളെ അയോഗ്യരാക്കിയതായി ഷാഹി ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഈ പദ്ധതിയുടെ പ്രയോജനം ഭാര്യാഭർത്താക്കന്മാർക്ക് ലഭിക്കുന്ന ഇത്തരം നിരവധി കേസുകളുണ്ട്, അയോഗ്യരെന്ന് കണ്ടെത്തിയവരിൽ ആദായനികുതി ഫയൽ ചെയ്തിരുന്ന പലരും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അർഹതയില്ലാത്ത കർഷകരിൽ നിന്ന് തുക ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

“ഇത് ഒരു പതിവ് പ്രക്രിയയാണ്, പരാതികൾ ഉണ്ടെങ്കിൽ അവയും പ്രക്രിയയ്ക്കിടെ പരിശോധിക്കും,” സ്ഥിരീകരണത്തെക്കുറിച്ച് ഷാഹി പറഞ്ഞു. അയോഗ്യരെന്ന് കണ്ടെത്തിയവരിൽ ആദായനികുതി ഫയൽ ചെയ്തിരുന്ന പലരും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിഎം കിസാൻ സമ്മാൻ നിധി ഇന്ത്യാ ഗവൺമെന്റിന്റെ 100 ശതമാനം ധനസഹായത്തോടെയുള്ള ഒരു കേന്ദ്ര പദ്ധതിയാണ്. പദ്ധതി പ്രകാരം, ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ വരുമാന പിന്തുണ നൽകുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് ഫണ്ട് കൈമാറുന്നത്.

2019 ഫെബ്രുവരി 24ന് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് ഒരു കോടിയിലധികം കർഷകർക്ക് ആദ്യ ഗഡുവായി 2000 രൂപ വീതം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുത്തിടെ നടന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾ ഈ പദ്ധതി പതിവായി പരാമർശിച്ചാണ് വോട്ട് തേടിയത്.

കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 12-ാം ഗഡു ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്നും, ഭൂമിയുടെ രേഖകളും സ്ഥലപരിശോധനാ ജോലികളും പിഎം-കിസാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന കർഷകർക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം നൽകൂവെന്നും ഉത്തർപ്രദേശ് കൃഷി മന്ത്രി അറിയിച്ചു.

കിസാൻ പോർട്ടലിൽ ഡാറ്റ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്നും, അർഹരായ എല്ലാ കർഷകർക്കും കിസാൻ സമ്മാന്‍ നിധിയുടെ 12-ാം ഗഡു നൽകുമെന്നും കൃഷി അഡീഷണൽ ചീഫ് സെക്രട്ടറി ദേവേഷ് ചതുർവേദി പറഞ്ഞു.

ഇതുവരെ 1.51 കോടി കർഷകരുടെ ഭൂരേഖകൾ പോർട്ടലിൽ കയറ്റുന്ന ജോലികൾ നടന്നതായി കൃഷിമന്ത്രി പറഞ്ഞു. കർഷകരുടെ വിവരങ്ങൾ എത്രയും വേഗം പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News