സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് പത്താം വാർഷികാഘോഷം പ്രൗഢഗംഭീരമാക്കാൻ കോൺഗ്രസ് അംഗം ഷീലാ ജാക്സൺ ലീയും മന്ത്രി റോഷി അഗസ്റ്റിനും

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11-ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തെ പ്രൗഢഗംഭീരമാക്കാൻ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, ബിസിനസ്സ് രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

ഡെമോക്രാറ്റിക്‌ പാർട്ടിയുടെ തീപ്പൊരി നേതാവും യു എസ് കോൺഗ്രസ് അംഗവുമായ ഷീലാ ജാക്സൺ ലീയും പ്രിയങ്കരനായ കേരളാ ജലസേചന വകുപ്പ് മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിനുമാണ് മുഖ്യാതിഥികൾ. ഹൂസ്റ്റണിൽ നിന്നും തിരഞ്ഞെടുക്കപെട്ട മലയാളികളായ ഒഫീഷ്യൽസും പങ്കെടുക്കും.

യുഎസ്‌ കോൺഗ്രസ് അംഗമായി 1995 മുതൽ ടെക്സാസ് കോൺഗ്രെഷണൽ ഡിസ്ട്രികട് 18 നെ പ്രതിനിധീകരിക്കുന്ന ഷീലാ ജാക്സൺ ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉറ്റ സുഹൃത്തും മികച്ച വാഗ്മിയുമാണ്.

കെഎസ്‌സി , യൂത്ത് ഫ്രണ്ട് പ്രസ്ഥാനങ്ങളിൽ കൂടി കേരളം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി വളർന്നു വന്ന റോഷി അഗസ്റ്റിൻ 2001 മുതൽ ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനാണ്. ജനകീയനും മികച്ച പാര്ലിമെന്ററിയനുമായ റോഷിൻ 2021 മുതൽ കേരളത്തിന്റെ ജലസേചനവകുപ്പ് മന്ത്രിയായി സേവനമനുഷ്ടിക്കുന്നു.

ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റാണ് സംഘടിപ്പിച്ചിരിക്കുന്നത് . ബിസിനസ്സ് രംഗത്തെ പ്രമുഖരെ ആദരിക്കുന്ന ഹാൾ ഓഫ് ഫെയിം അവാർഡുകൾ വിതരണം ചെയ്യും. മറ്റു നിരവധി അവാർഡുകളും, പ്രമുഖരെ ആദരിക്കുന്ന ചടങ്ങുകളും ഉണ്ടായിരിക്കും. ക്ഷണിക്കപെട്ട 1000 പേരാണ് ബാൻക്വറ്റിൽ പങ്കെടുക്കുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News