വിഭജനത്തിൽ വേർപിരിഞ്ഞ ഇന്ത്യൻ സിഖ് പാക്കിസ്താനിലുള്ള മുസ്ലീം സഹോദരിയെ കർതാർപൂരിൽ കണ്ടുമുട്ടി

ഇസ്ലാമാബാദ്: വിഭജന സമയത്ത് കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് 75 വർഷങ്ങൾക്ക് ശേഷം കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ പാക്കിസ്താനില്‍ നിന്നുള്ള മുസ്ലീം സഹോദരിയെ കണ്ടപ്പോൾ ജലന്ധറില്‍ നിന്നുള്ള സിഖ് വംശജന്‍ അമർജിത് സിംഗിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. വിഭജന സമയത്ത് മുസ്ലീം മാതാപിതാക്കൾ പാക്കിസ്താനിലേക്ക് കുടിയേറിയപ്പോൾ സിംഗ് സഹോദരിയോടൊപ്പം ഇന്ത്യയിൽ ഉപേക്ഷിക്കപ്പെട്ടു.

ബുധനാഴ്ച കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ വെച്ച് വീൽചെയറിൽ അമർജിത് സിംഗ് തന്റെ സഹോദരി കുൽസൂം അക്തറുമായുള്ള കൂടിക്കാഴ്ച വൈകാരികമായിരുന്നു. ആ കൂടിക്കാഴ്ച കണ്ട എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സഹോദരിയെ കാണാൻ വിസയുമായി അട്ടാരി-വാഗാ അതിർത്തി വഴിയാണ് സിംഗ് പാക്കിസ്താനിലെത്തിയത്. 65 കാരിയായ കുൽസൂമിന് സഹോദരനെ കണ്ട നിമിഷം വികാരങ്ങൾ നിയന്ത്രിക്കാനായില്ല.

ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഫൈസലാബാദിലെ സ്വന്തം പട്ടണത്തിൽ നിന്ന് മകൻ ഷഹ്‌സാദ് അഹമ്മദിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് സഹോദരനെ കാണാൻ കുല്‍സൂം എത്തിയത്. തന്റെ സഹോദരനെയും സഹോദരിയെയും ഉപേക്ഷിച്ച് 1947 ൽ ജലന്ധറിലെ ഒരു പ്രാന്തപ്രദേശത്ത് നിന്ന് തന്റെ മാതാപിതാക്കൾ പാക്കിസ്താനിലേക്ക് കുടിയേറിയതാണെന്ന് കുൽസൂം പറഞ്ഞു.

താൻ പാക്കിസ്താനിലാണ് ജനിച്ചതെന്നും നഷ്ടപ്പെട്ട സഹോദരനെയും സഹോദരിയെയും കുറിച്ച് അമ്മയിൽ നിന്ന് കേൾക്കാറുണ്ടായിരുന്നു എന്നും കുൽസൂം പറഞ്ഞു. കാണാതായ മക്കളെ ഓർക്കുമ്പോഴെല്ലാം അമ്മ കരയുമായിരുന്നുവെന്ന് അവർ പറഞ്ഞു. തന്റെ സഹോദരനെയും സഹോദരിയെയും കാണാൻ കഴിയുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും
കുല്‍സൂം പറഞ്ഞു. എന്നാല്‍, കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവരുടെ പിതാവ് സർദാർ ദാരാ സിംഗിന്റെ ഒരു സുഹൃത്ത് ഇന്ത്യയിൽ നിന്ന് പാക്കിസ്താനിലെത്തി കുല്‍സൂമിനെ കണ്ടിരുന്നു.

ഇന്ത്യയിൽ ഉപേക്ഷിച്ച മകനെയും മകളെയും കുറിച്ച് കുല്‍സൂമിന്റെ അമ്മ സർദാർ ദാരാ സിംഗിനോട് പറഞ്ഞു. അവരുടെ ഗ്രാമത്തിന്റെ പേരും വീടിരുന്ന സ്ഥലവും അവര്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. തുടർന്ന് സർദാർ ദാരാ സിംഗ് പടവാൻ ഗ്രാമത്തിലെ അവരുടെ വീട് സന്ദർശിച്ച് മകൻ ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ മകൾ മരിച്ചുവെന്നും അറിയിച്ചു. 1947 ൽ ഒരു സിഖ് കുടുംബം ദത്തെടുത്ത മകന് അമർജിത് സിംഗ് എന്ന് പേരിട്ടു.

സഹോദരന്റെ വിവരമറിഞ്ഞ് കുൽസൂം സിംഗുമായി വാട്ട്‌സ്ആപ്പിൽ ബന്ധപ്പെടുകയും പിന്നീട് കാണാൻ തീരുമാനിക്കുകയുമായിരുന്നു. കഠിനമായ നടുവേദന ഉണ്ടായിരുന്നിട്ടും കുൽസൂം ധൈര്യം സംഭരിച്ച് തന്റെ സഹോദരനെ കാണാൻ കർതാർപൂരിലേക്ക് പോയി. തന്റെ യഥാർത്ഥ മാതാപിതാക്കൾ പാക്കിസ്താനിലാണെന്നും മുസ്ലീങ്ങളാണെന്നും അറിഞ്ഞപ്പോൾ ഞെട്ടലുണ്ടാക്കിയെന്നും സിംഗ് പറഞ്ഞു. എങ്കിലും സ്വന്തം കുടുംബത്തിന് പുറമെ നിരവധി കുടുംബങ്ങൾ പരസ്പരം വേർപിരിഞ്ഞിട്ടുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് അദ്ദേഹം തന്റെ മനസ്സിനെ സാന്ത്വനിപ്പിച്ചു.

തന്റെ യഥാർത്ഥ സഹോദരിയെയും സഹോദരങ്ങളെയും കാണാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ മൂന്ന് സഹോദരന്മാർ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ജർമ്മനിയിലായിരുന്ന ഒരു സഹോദരൻ മരണപ്പെട്ടു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ താൻ ഇനി പാക്കിസ്താനിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സിഖ് കുടുംബത്തെ കാണുന്നതിനായി തന്റെ കുടുംബത്തെയും ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സഹോദരങ്ങളും പരസ്പരം നിരവധി സമ്മാനങ്ങൾ കൊണ്ടുവന്നിരുന്നു.

അമ്മാവനെ കുറിച്ച് മുത്തശ്ശിയിൽ നിന്നും അമ്മയിൽ നിന്നും കേൾക്കാറുണ്ടെന്ന് കുൽസൂമിന്റെ മകൻ ഷഹ്‌സാദ് അഹമ്മദ് പറഞ്ഞു. വിഭജന സമയത്ത് എല്ലാ സഹോദരങ്ങളും വളരെ ചെറുപ്പമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ അമ്മാവൻ ഒരു സിഖ് കുടുംബത്തിൽ വളർന്നതിനാൽ, അദ്ദേഹം ഒരു സിഖുകാരനാണെന്ന് ഞാൻ മനസ്സിലാക്കുന്നു, എനിക്കും എന്റെ കുടുംബത്തിനും അതില്‍ ഒരു പ്രശ്നവുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

75 വർഷത്തിനു ശേഷവും അമ്മ നഷ്ടപ്പെട്ട സഹോദരനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ഷഹ്‌സാദ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് കർതാർപൂർ ഇടനാഴി ഒരു കുടുംബത്തെ ഒന്നിപ്പിക്കുന്നത്. മെയ് മാസത്തിൽ, മുസ്ലീം ദമ്പതികൾ ദത്തെടുത്ത് വളർത്തിയ ഒരു സിഖ് കുടുംബത്തിൽ ജനിച്ച സ്ത്രീ കർതാർപൂരിൽ വെച്ച് ഇന്ത്യയിൽ നിന്നുള്ള തന്റെ സഹോദരങ്ങളെ കണ്ടുമുട്ടിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News