പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ സെപ്തംബര്‍ 24, 25 തീയതികളില്‍

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍. ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കും.

ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരുവര്‍ഷക്കാലമായി നടന്നുവരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രയാണം സെപ്തംബര്‍ 24ലെ ജപമാലറാലിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ നിന്നാരംഭിക്കുന്ന ജപമാലറാലി പൊടിമറ്റം ജംഗ്ഷന്‍, കെ.കെ.റോഡുവഴി 4.45ന് സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേരും.

വാദ്യോഘോഷങ്ങളും ദീപാലങ്കാരങ്ങളും ജപമാലറാലിയെ മോടിപിടിപ്പിക്കും. 50 ബൈക്കുകളുടെ അകമ്പടിയോടെ യുവജനങ്ങളും വനിതകളും പ്രത്യേക യൂണിഫോമില്‍ റാലിയില്‍ അണിചേരും. 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ റാലിക്കു നേതൃത്വം നല്‍കും. 5ന് ഇടവകയിലെ മുന്‍വികാരിമാരുടെ കാര്‍മ്മികത്വത്തിലുള്ള ആഘോഷമായ സമൂഹബലിയും നടത്തപ്പെടും. 25 ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന നടത്തപ്പെടും. അമ്പതംഗ ഗായകസംഘം ദിവ്യബലി ഭക്തിസാന്ദ്രമാക്കും. ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കും.

Print Friendly, PDF & Email

Leave a Comment

More News