ചൈനീസ് റബ്ബര്‍ പാമ്പ് പ്രയോഗം ഏറ്റു; വാനരപ്പട ജീവനും കൊണ്ടോടുന്നു; പോലീസുകാര്‍ സന്തോഷത്തില്‍

ഇടുക്കി: കമ്പംമെട്ട് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തുന്നവര്‍ സ്റ്റേഷൻ പരിസരം നിറയെ പാമ്പുകളെ കണ്ട് ആദ്യമൊന്ന് ഭയക്കും. വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള പാമ്പുകള്‍. പരാതി പറയാൻ വരുന്നവരെയല്ല വാനരപ്പടയെ ലക്ഷ്യമിട്ടാണ് ഈ ‘ചൈനീസ് പാമ്പുകള്‍’ സ്റ്റേഷൻ പരിസരം കീഴടക്കിയിരിക്കുന്നത്.

കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പോലീസ് സ്റ്റേഷൻ. തൊട്ടടുത്ത് തമിഴ്‌നാട് വനമാണ്. ഇവിടെനിന്ന് വരുന്ന കുരങ്ങൻ സംഘം സ്റ്റേഷനും പരിസരവാസികളേയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതോടെയാണ് വാനര സംഘത്തെ തുരത്താൻ ഉദ്യോഗസ്ഥർ ചൈനീസ് റബ്ബർ പാമ്പുകളെ സ്റ്റേഷന് മുന്നിലും സമീപത്തെ മരങ്ങളിലും സ്ഥാപിച്ചത്.

ഉടുമ്പൻചോലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ കുരങ്ങന്മാരുടെ ശല്യം നിയന്ത്രിക്കാൻ ചൈനീസ് പാമ്പുകളെ ഉപയോഗിച്ചതായുള്ള വാർത്തകൾ കണ്ടതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷൻ പരിസരത്തും ഈ തന്ത്രമിറക്കിയത്. ചൈനീസ് പാമ്പുകളെത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ നിലവില്‍ കുരങ്ങന്‍മാരുടെ ആക്രമമുണ്ടാവുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്റ്റേഷൻ വളപ്പിലെ പ്ലാവിൽ ചക്ക പഴുക്കുന്നതോടെ വാനരക്കൂട്ടമെത്താറുണ്ടായിരുന്നു. ചക്കക്കുരു സ്റ്റേഷൻ വളപ്പിലേക്ക് എറിയുന്നതും പതിവായിരുന്നു. റബ്ബര്‍ പാമ്പ് കളത്തിലിറങ്ങിയതോടെ സമീപത്തെ കർഷകരുടെ വിളകളും ആഹാരസാധനങ്ങളും വസ്‌ത്രങ്ങളും കുരങ്ങുകള്‍ നശിപ്പിക്കുന്ന സാഹചര്യം ഒഴിവായെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.

Print Friendly, PDF & Email

Leave a Comment

More News