ഗവർണറെ വിരട്ടി കാര്യം സാധിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ അനുവദിക്കില്ലെന്ന ഭീഷണി വിലപ്പോവില്ലെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിരട്ടല്‍ പാർട്ടി കമ്മിറ്റികളില്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ തനിക്കെതിരെ വധശ്രമം നടന്നുവെന്ന ഗവർണറുടെ പരാതി സർക്കാർ അവഗണിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

സ്വജനപക്ഷ പാതം അഴിമതിയെന്ന് നിർവചിച്ച പാർട്ടിയാണ് സിപിഎം. ആ നിലപാടിൽ മാറ്റം വന്നോയെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ കുടുംബത്തിലാർക്കും ജോലിക്ക് അപേക്ഷിക്കാൻ പാടില്ല എന്നല്ല പറയുന്നതെന്നും നിയമനങ്ങളിൽ നിയമം അനുവർത്തിച്ചേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു.

സ്റ്റാഫിലെ പ്രധാനി കള്ളക്കടത്ത് നടത്തുമ്പോഴും ജീവനക്കാരുടെ നിയമന തർക്കങ്ങളിൽ ഏർപ്പെട്ടപ്പോഴും ഒന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. യോഗ്യതയുള്ള യുവാക്കളുടെ അവകാശങ്ങളെ കബളിപ്പിക്കുന്ന സമീപനം ചോദ്യം ചെയ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഗവർണറുടെ നിലപാടിനൊപ്പമാണ് ജനങ്ങൾ. വിരട്ടാന്‍ നോക്കുന്നവർ ആരിഫ് മുഹമ്മദ് ഖാന്റെ ഭൂതകാല ചരിത്രം പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന് വി. മുരളീധരൻ പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News