നാശം നാവ് നീട്ടുന്നു! (കവിത): ജയൻ വർഗീസ്

ശൂന്യമാക്കുന്ന മ്ലേച്ഛത
വിശുദ്ധ സ്ഥലത്തിരിക്കുന്നു!
നാഗരികതയുടെ വിഷപ്പുറ്റുകളിൽ
നാശം നാവ്‌ നീട്ടുന്നു!

ജീവിതം ആഘോഷിക്കുന്നവർ
ജീർണ്ണത നക്കുന്നു!
അടിച്ചു പൊളിക്കുന്നവർ
അഴുക്കു ചാലിൽ ഇഴയുന്നു!

നാക്കു കൊണ്ടും, തോക്കു കൊണ്ടും
നാഗരികത ജയിക്കുന്നു!
ബൗദ്ധിക അധിനിവേശം
ചിന്തയുടെ വരിയുടക്കുന്നു!

ജന്തുവാക്കി ഇര പിടിപ്പിക്കുന്നു,
ചന്തയാക്കി ഇണ ചേർപ്പിക്കുന്നു!
ആഗോളവൽക്കരണത്തിന്റെ അന്തിച്ചന്തയിൽ
അറുപത്തി ഒൻപതിന്‌ ബഹുമാന്യത?

യദുകുല വായാടിത്തം
ഇരുമ്പുലക്ക പ്രസവിപ്പിക്കുന്നു!
രാഗിത്തീർക്കുന്ന അഹങ്കാരം
കോരപ്പുല്ലുകളിൽ ചോര കിനിയിക്കുന്നു!

അഥീനിയൻ ഡെമോക്രസി
വിഷക്കോപ്പകൾ നിറക്കുന്നു!
കുറ്റമില്ലാത്ത രക്തങ്ങൾ
കുരിശുകളിൽ ഒഴുകുന്നു!

പരസ്യ വായാടികൾ
കൊടും വിഷം തീറ്റിക്കുന്നു
കലയും സംസ്കാരവും
ചാപിള്ളകളെ പ്രസവിക്കുന്നു!

നന്മയുടെ നറും തൂണുകളിന്മേൽ
പ്രപഞ്ചം നില നിൽക്കുന്നു!
അധർമ്മം പെരുകുമ്പോൾ
അടിത്തറ ഇളകുന്നു!

കടൽത്തിരകൾ കരയിലേക്ക് വരുന്നു,
കാറ്റുകളുടെ ചിറകിൽ മരണം പറക്കുന്നു.
ശാസ്ത്ര സംരക്ഷണം കാറ്റിൽപ്പറത്തി
സൂക്ഷ്മ വൈറസുകൾ ലോകം കീഴടക്കുന്നു.

സോഫോക്ളീസിൻ ദാർശനികതയിൽ
ഗ്രീക്ക് മിതോളജി വിരൽ ചൂണ്ടുന്നു
അധർമ്മികൾ അധികാരത്തിൽ വരുമ്പോൾ
ജനജീവിതം ദുരിതക്കയങ്ങളിൽ മുങ്ങുന്നു.

ഭൂഖണ്ഡങ്ങൾ വിറ കൊള്ളിച്ചു ‌കൊണ്ട്
ഭൂകമ്പങ്ങൾ മുരളുന്നു!
കരച്ചിലും പല്ലുകടിയും
ദിഗന്തങ്ങളെ നടുക്കുന്നു!

ശൂന്യമാക്കുന്ന മ്ലേച്ഛത
വിശുദ്ധ സ്ഥലത്ത് ഇരിക്കുമ്പോൾ,
സർവ്വ നാശം നാവ് നീട്ടുന്നു,
വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ?

Print Friendly, PDF & Email

Leave a Comment

More News