സ്വത്ത് തർക്കം: മകനും ഭാര്യയും മാതാപിതാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

പട്‌ന (ബീഹാര്‍): പട്‌നയിൽ ശനിയാഴ്ച കുടുംബ സ്വത്തിനെച്ചൊല്ലി മകനും മരുമകളും ചേർന്ന് മാതാപിതാക്കളെ മർദിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗബത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ധരംപൂരിലാണ് സംഭവം നടന്നത്.

ധരംപൂർ സ്വദേശികളായ കമലേഷ് കുമാറിനെയും ഭാര്യ സംഗീത ദേവിയെയും മകൻ രാഹുലും ഭാര്യ ജൂലിയും ചേർന്ന് മർദിച്ചെന്നാണ് പരാതി. കമലേഷ് കുമാറിന് രണ്ട് ആൺകുട്ടികളുണ്ട്, മൂത്ത മകൻ രാഹുൽ വിവാഹിതനാണ്, ഇളയ മകന്‍ വിവാഹിതനായിട്ടില്ല. രാഹുലിന് ജോലിയൊന്നും ഇല്ല. തന്റെ പേരില്‍ വീട് എഴുതിത്തരണമെന്ന് മാതാപിതാക്കളോട് വാശിപിടിച്ച് വഴക്കുണ്ടാക്കി. കുടുംബത്തിന്റെ സ്വത്ത് രണ്ട് ആൺമക്കൾക്കും അവകാശപ്പെട്ടതാണെന്ന് കമലേഷ് കുമാർ പറഞ്ഞു. രാഹുലിന് മാത്രം വീട് നൽകാനാവില്ല. ഇതേച്ചൊല്ലി അച്ഛനും മകനും തമ്മിൽ നേരത്തെ തന്നെ വഴക്കുണ്ടായിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.

ശനിയാഴ്ച വീണ്ടും വഴക്കുണ്ടാക്കുകയും മകന്‍ പിതാവ് കമലേഷ് കുമാറിനെ മർദിക്കുകയായിരുന്നു. അമ്മ ഇടപെടാൻ എത്തിയപ്പോൾ ഇരുവരും ചേർന്ന് അമ്മയേയും മര്‍ദ്ദിച്ചതായി പറയുന്നു. വീട്ടുമുറ്റത്ത് ഉണ്ടാക്കിയ അടുപ്പിന്റെ ഇഷ്ടികകൊണ്ട് രാഹുൽ അമ്മയെ ആക്രമിക്കുകയായിരുന്നു.

നൗബത്പൂർ പോലീസ് സ്റ്റേഷനിൽ മകനെതിരെ വൃദ്ധ ദമ്പതികൾ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. പോലീസ് തിരച്ചിൽ നടത്തുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ റഫീഖുൽ റഹ്മാൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News