ഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറിയുടെ കണ്ടെത്തല്‍

ഹൂസ്റ്റണ്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍ വീടിന് തീയിടുകയും ചെയ്ത 72 കാരി കുറ്റക്കാരിയല്ലെന്ന് ജൂറി.

ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്‌സാണ്ടര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധിച്ചത്. 64 വയസ്സുള്ള ലയണല്‍ അലക്‌സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. ഓട്ടോപ്‌സിയില്‍ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു.

2018 ഏപ്രില്‍ 27നായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ ഭര്‍ത്താവ് കയ്യിലുണ്ടായിരുന്ന കത്തിയുമായി ഭാര്യക്കു നേരേ തിരിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ കത്തി പിടിച്ചുവാങ്ങി, കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുമ്പും പല തവണ ഈ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന പീഢനമാണ് ഭാര്യയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്.

സംഭവത്തിന് ഒരു വര്‍ഷത്തിനുശേഷം ഏപ്രില്‍ 2019 ല്‍ ഇവര്‍ക്കെതിരെ അറസ്റ്റു വാറണ്ടുമായി പോലീസ് വീട്ടിലെത്തി. ഈ സമയം ജാനറ്റ് വീടിന് തീവെക്കുകയും സ്വയം തീകൊളുത്തുകയും ചെയ്തു. കാര്യമായ പൊള്ളലേറ്റ ഇവര്‍ ചികിത്സക്കുശേഷം സുഖം പ്രാപിച്ചു.

നീണ്ടു നിന്ന പീഡനത്തെ തുടര്‍ന്ന് ഇവര്‍ ക്രൂരകൃത്യം ചെയ്തതെന്നും, അറസ്റ്റ് ഒഴിവാക്കുന്നതിന് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇവരെ വെറുതെ വിടുന്നതിന് ജൂറി എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്നും ജാനറ്റിന്റെ അറ്റോര്‍ണി പറഞ്ഞു. 40 വര്‍ഷത്തെ ദാമ്പത്യ ജീവിതം നരക തുല്യമായിരുന്നുവെന്നും ഇവരുടെ മക്കളാണ് അമ്മയെ കേസ്സില്‍ സഹായിച്ചതെന്നും അറ്റോര്‍ണി പറഞ്ഞു. സ്വയം രക്ഷക്കാണ് ഇവര്‍ക്ക് ഈ കൃത്യം ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News