മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തി

തൃശൂർ: ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് (87) അന്തിമോപചാരം അർപ്പിക്കാൻ ഇന്ന് (ഞായറാഴ്ച) മലപ്പുറത്തെ നിലമ്പൂരിലെത്തി. രാവിലെ 11.45ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പമാണ് അദ്ദേഹം ആര്യാടന്റെ വസതിയില്‍ എത്തിയത്.

മുന്‍ മന്ത്രി കൂടിയായ ആര്യാടന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുല്‍ ഗാന്ധി ഹെലികോപ്റ്റർ വഴി തൃശൂരിലെത്തുമെന്ന് ഭാരത് ജോഡോ യാത്രയുടെ മീഡിയ ടീം അറിയിച്ചു.

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വീടിന് മുന്‍പില്‍ തടിച്ചുകൂടിയത്. രമ്യ ഹരിദാസ് എംപി, ജെബി മേത്തർ എംപി, എപി അനിൽകുമാർ എംഎൽഎ, കെടി ജലീൽ, പിവി അബ്‌ദുള്‍ വഹാബ് എംപി, ഉബൈദുള്ള എംഎൽഎ, പികെ ബഷീർ എംഎൽഎ, അബ്‌ദുള്‍ ഹമീദ് എംഎൽഎ, ടിഎൻ പ്രതാപൻ എംപി തുടങ്ങിയ നേതാക്കൾ ആദരാഞ്ജലികള്‍ അർപ്പിച്ചു.

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ വിയോഗം ഇന്ന് രാവിലെയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. എഴുപത് വർഷം നീണ്ട രാഷ്‌ട്രീയ ജീവിതത്തിനാണ് വിരാമമായത്.

കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്ന് രാഹുല്‍ ഗാന്ധി ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News