ചെറിയ ചെറിയ യാത്രകൾ, അവിടെ കണ്ടു മുട്ടുന്ന ജീവിതങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടേത്.
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. സന്തോഷവും സങ്കടവും എല്ലാം കൂടിചേർന്നൊരു രുചിക്കൂട്ട്. ഇന്ന് പക്ഷേ ഓരോ കഥകളും കേൾക്കുമ്പോഴും പറയുമ്പോഴും രണ്ടു തട്ടിലാണ്, കൊറോണയ്ക്കു മുൻപ് കൊറോണാനന്തരം.
ഒരു വൈറസ് വന്ന് മാറ്റിമറിച്ച ജീവിതങ്ങളറിയാനും പുറം ലോകമറിയാത്ത, അറിയപ്പെടാത്ത കഥകളും തേടിയുള്ളൊരു യാത്രയിലാണിന്ന്. നമുക്ക് ചുറ്റും തന്നെ തൊഴിലില്ലായ്മ നേരിടുന്ന കൈത്തൊഴിലുകാരുടെ എണ്ണിയാലൊടുങ്ങാത്ത കഥകൾ.
ജീവിതം ഇങ്ങനെയും ജീവിച്ചുതീർക്കാം എന്നു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കൊപ്പം. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജീവിതയാത്രകൾ പലപ്പോഴും പല കൈവഴികളായി പിരിഞ്ഞൊഴുകും. ആഗ്രഹങ്ങളെയെല്ലാം മാറ്റി വെച്ച് ഒഴുക്കിലൊരു ഈണമുണ്ടാക്കി ജീവിച്ചു തീർക്കാൻ പ്രയാസപെടുന്നവരുടെ മൗനനൊമ്പരങ്ങള് എവിടെയും രേഖപ്പെടുത്താതെ മാഞ്ഞു പോകുകയണല്ലോ പതിവ്…
വളരെ യാദൃശ്ചികമായാണ് എലപ്പുള്ളി നോമ്പിക്കോടുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലം തേടി ജിസ്സ ചേച്ചിക്കൊപ്പം ഞാനും വിദ്യയും കൂടി ഇറങ്ങി തിരിച്ചത്. അന്വേഷിച്ചെത്തിയപ്പോൾ ഇന്നവർ ആരും തന്നെ കലമോ ചട്ടിയോ ഒന്നും ഉണ്ടാക്കുന്നില്ലത്രെ. എന്നെങ്കിലുമൊരിക്കൽ കലം ഉണ്ടാക്കുന്നത് നേരിട്ട് കണ്ട് മനസിലാക്കണം എന്നൊരു ആഗ്രഹം മനസ്സിൽ വച്ചിരുന്നു. അതാണ് ഈ യാത്രയുടെ ത്രില്ലും. ഞങ്ങളുടെ ആഗ്രഹമറിയിച്ചപ്പോൾ അവരുടെ പണിസ്ഥലവും ചക്രവും എല്ലാം കാണിച്ചു തന്നു ഉണ്ടാക്കുന്ന വിധം പറഞ്ഞു മനസിലാക്കിയും തന്നു. ഒന്നും വളരെ എളുപ്പമല്ല.
ഇന്നവർക്ക് തൊഴിൽ ഇല്ല, പഴയപോലെ മൺചട്ടികൾ ആരും വാങ്ങാൻ ഇല്ലല്ലോ. കൊറോണയ്ക്ക് മുൻപ് അല്പമെങ്കിലും ചക്രം കറങ്ങിയിരുന്നു എന്നാണ് അവർ പറഞ്ഞത്. കൊറോണ തുടങ്ങിയപ്പോൾ ജീവിതം നേരിട്ട പ്രതിസന്ധികൾ അവരെ ഇതര തൊഴിലുകൾ ചെയ്യാൻ പ്രേരിപ്പിച്ചു. നല്ല കളിമണ്ണിന്റെ ലഭ്യത കുറവും കാരണമായി വന്നു. മാറി വരുന്ന സംസ്കാരവും ഇതുപോലെയുള്ള ജീവിതങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മുൻപ് വീട്ടിൽ ഉണ്ടാക്കുന്ന പാത്രങ്ങൾ തലയിലേറ്റി മൈലുകളോളം സഞ്ചരിച്ചു വിറ്റുവരുമായിരുന്നു. അതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. മൺചട്ടികൾ തലച്ചുമടായി കൊണ്ട് വന്നിരുന്ന കാലത്ത് വരുമാനം നേടിയെടുത്തിരുന്ന അവരുടെ വാക്കുകളിൽ ഇന്ന് ആത്മവിശ്വാസക്കുറവ് അറിയാൻ കഴിയുന്നുണ്ട്.
വീട്ടിൽ പല സൈസിലുള്ള ചട്ടികൾ വാങ്ങി വച്ചിട്ടുണ്ട്. പലപ്പോഴും അതിലാകും ഭക്ഷണം ഉണ്ടാക്കുന്നതും. ഓരോ കൊല്ലവും കൽപ്പാത്തി തേര് കഴിഞ്ഞാൽ പിന്നെ അവിടെയുള്ള കടകളിലൂടെ ഒക്കെ നടന്നു കഴിഞ്ഞു തിരികെ വരുമ്പോൾ കൈയ്യിൽ ഭരണിയോ കൽച്ചട്ടിയോ ഒക്കെ കാണും. ഇതൊന്നും ഇല്ലെങ്കിൽ അടുക്കള പൂർണമാകാത്ത പോലെയുള്ളൊരു തോന്നൽ ഉള്ളതിനാൽ വാങ്ങി നിറയ്ക്കും.
ഒരുകാലത്ത് വിറകടുപ്പും മൺചട്ടികളും ആയിരുന്നു അടുക്കളകൾ ഭരിച്ചിരുന്നത്. ഗ്യാസടുപ്പുകൾ വന്നതോടെ നമ്മുടെ അടുക്കളകളിൽ നിന്നും മൺപാത്രങ്ങൾ അപ്രത്യക്ഷമായി തുടങ്ങി. ഓവനും ഇൻഡക്ഷൻ അടുപ്പുകളും കൂടി വന്നതോടെ പാചകം ഒന്നുകൂടി എളുപ്പമായി. ഇപ്പോൾ ആളുകളുടെ തിരക്കിട്ട ജീവിതരീതികൾ പതുക്കെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്കു വഴിമാറി സഞ്ചരിക്കാനും തുടങ്ങി. ഏറെ താമസിയാതെ അടുക്കളകൾ തന്നെ അപ്രത്യക്ഷമായി പോകുന്ന കാലത്തേക്കാണ് നമ്മൾ പൊയ്കൊണ്ടിരിക്കുന്നത്.
മനുഷ്യരെയിന്നു യന്ത്രവൽകൃത സംസ്കാരം കീഴ്പ്പെടുത്തി കഴിഞ്ഞു. ഒപ്പം ജീവിതശൈലി രോഗങ്ങൾക്കുള്ള ടോക്കനും സ്വയം കൊടുത്തു തുടങ്ങി. ചെറിയ ചെറിയ തൊഴിലുകൾ പോലും ഇല്ലാതായി. മാൾ സംസ്കാരം കുഞ്ഞു കുഞ്ഞു കടകളെ പോലും തുടച്ചു കളഞ്ഞു. എന്നാലും ജീവിച്ചേ മതിയാകുള്ളൂ….. തോറ്റു കൊടുക്കാതെ.
ക്യാമറ: വിദ്യമംഗളാ