കോടിയേരി ബാലകൃഷ്ണന്‍: ഐക്യം ഊട്ടിയുറപ്പിച്ച സിപിഎമ്മിന്റെ കരുത്തനായ നേതാവ്

വിപ്ലവങ്ങളാൽ ചുവക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കമ്മ്യൂണിസ്റ്റ് താൽപ്പര്യമില്ലാത്ത കോൺഗ്രസ് അനുഭാവി കുടുംബത്തിൽ നിന്ന് വന്ന ഒരു ആകസ്മിക കമ്മ്യൂണിസ്റ്റ്. ആരോടും പ്രശ്‌നങ്ങളിൽ ഏർപ്പെടാതെ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന സൗമ്യവും എന്നാൽ കർക്കശവുമായ വ്യക്തിത്വത്തിന് ഉടമ. അതായിരുന്നു കോടിയേരി.

പരേതനായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് കോടിയേരിയിലാണ് ബാലകൃഷ്ണൻ ജനിച്ചത്. സ്‌കൂൾ കാലത്താണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഓണിയന്‍ ഗവണ്മെന്റ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം കെഎസ്‌എഫിന്റെ യൂണിറ്റ് സ്‌കൂളിൽ ചേർന്ന് സെക്രട്ടറിയായി ചുമതലയേറ്റത്.

പതിനേഴാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു, പതിനെട്ടാം വയസ്സിൽ ലോക്കൽ സെക്രട്ടറിയായി. ഇതിനിടയിൽ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലത്തിലും പ്രവർത്തിച്ചു. 1970ൽ ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ സിപിഎമ്മിന്‍റെ രൂപീകരണത്തിന് പിന്നാലെ, 1973ൽ അദ്ദേഹം കോടിയേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയായും തുടർന്ന് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും ചുമതലയേറ്റു. 1973 മുതല്‍ 1979 വരെ എസ്എഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

2011 മുതൽ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി, 2008 ഏപ്രിൽ 3-ന് കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 മെയ് 18 മുതൽ 2011 മെയ് 18 വരെ അച്യുതാനന്ദൻ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. വിജിലൻസ്, ജയിലുകൾ, ഫയർ, ഇന്റഗ്രേഷൻ, ടൂറിസം എന്നീ വകുപ്പുകള്‍ വഹിച്ചു.

എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു കോടിയേരി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിണറായി വിജയനും എം പി വീരേന്ദ്ര കുമാറും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം പതിനാറ് മാസത്തോളം മിസ തടവുകാരനായി ജയിലിൽ കിടന്നു. അങ്ങനെ ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും വരെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നു. പിന്നീട് ഉന്നതസ്ഥാനങ്ങളിലെ ക്രമാനുഗതമായ മാറ്റങ്ങളിൽ പഠിച്ച് പ്രയോഗിച്ച രാഷ്ട്രീയം സ്വായത്തമാക്കി.

വിഭാഗീയതയുടെ ചുഴിയിൽപ്പെട്ട് സിപിഎം ഉലയുന്ന കാലത്ത് ഇടനിലക്കാരനായി നിന്നു കോടിയേരി. വിഎസ്-പിണറായി പോരിൽ പിണറായിക്കൊപ്പമായിരുന്നെങ്കിലും ഇടഞ്ഞുനിന്ന വിഎസിനെ പിണക്കി വിരുദ്ധ ചേരിയിൽ ചാമ്പ്യനാകാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. 2015ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി അമരത്തെത്തുമ്പോൾ, 16 വർഷം പിണറായി വിജയൻ വഹിച്ചിരുന്ന സ്ഥാനം പിന്നീടങ്ങോട്ട് കോടിയേരിയുടെ കൈകളിൽ ഭദ്രമായിരുന്നു.

മദ്രാസിലെ ഒരു ചിട്ടി കമ്പനിയിൽ കണക്കെഴുത്തുകാരനായി ആദ്യ ജോലി ചെയ്‌തിരുന്ന അദ്ദേഹത്തിന്, വർഷങ്ങൾക്കിപ്പുറം പാർട്ടിയുടെ ‘കണക്കെഴുത്തും’ വളരെ ഉത്തരവാദിത്വത്തോടെ നിർവഹിക്കാനായി. 2015ലെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം 2018ൽ കണ്ണൂരിലെ സമ്മേളനത്തിലും 2022ൽ എറണാകുളത്തെ സമ്മേളനത്തിലും സ്ഥാനത്തുടർച്ച നേടാനായത് കോടിയേരി എന്ന നേതാവിലെ ജനസ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു.

പാർട്ടി നേതൃസ്ഥാനങ്ങൾ കണ്ണൂരിൽ ചുരുങ്ങുന്നുവെന്ന വിമർശനങ്ങൾ നേരിട്ട കാലത്തും പിന്നീടങ്ങോട്ട് മകൻ ബിനീഷ് കോടിയേരി വിവാദം കത്തിനിന്ന കാലത്തും കോടിയേരിയല്ലാതെ മറ്റൊരു സമ്മതനായ നേതാവ് പാർട്ടി അമരക്കാരനായി വരുന്നതിനോട് സിപിഎമ്മിന് താൽപര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കൂടി പിടിമുറുക്കിയതോടെ സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന കോടിയേരിയുടെ നിർബന്ധത്തിന് മുന്നിൽ പാർട്ടി നേതൃത്വം വഴങ്ങുകയായിരുന്നു.

എതിരാളികൾക്കും പ്രിയങ്കരൻ: അസാധാരണ നേതാവല്ല, എന്നാൽ പാർട്ടിക്ക് പുറത്തും അകത്തുമുള്ള നേതാക്കൾക്കും അണികൾക്കുമിടയിൽ അസാധാരണ സ്വീകാര്യതയുള്ള നേതാവ്, അതാണ് കോടിയേരി ബാലകൃഷ്‌ണൻ. പൊതുസ്വീകാര്യതയിലൂടെ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിയത് അതിനുദാഹരണമാണ്. പാർട്ടിക്കകത്തും പുറത്തും സൗഹൃദങ്ങൾക്ക് അതിരുകൽപ്പിക്കാത്ത നേതാവ്. എന്നാൽ പാർട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യുകയോ പറയുകയോ ഇല്ല.

അതിസങ്കീർണ രാഷ്‌ട്രീയ സാഹചര്യങ്ങളെയും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്‌ത ചരിത്രമാണ് അദ്ദേഹത്തിന്. എതിരാളികൾക്ക് പോലും സ്വീകാര്യനായ നേതാവ് പക്ഷേ, പ്രതിരോധത്തിലായത് സ്വന്തം കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ പേരിലായിരുന്നു. ബെംഗളൂരു ലഹരിക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും ജയിൽവാസവുമൊക്കെ ജനപ്രിയ നേതാവിലെ സ്വീകാര്യതയ്‌ക്ക് തെല്ലൊന്ന് മങ്ങലേൽപ്പിച്ചു.

മക്കളാൽ ക്രൂശിക്കപ്പെട്ടിട്ടും സ്വർണക്കടത്ത് വിവാദവും കെ-റെയിൽ വിമർശനങ്ങളും നേരിട്ട പാർട്ടിക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഭാഷയായിരുന്നു കോടിയേരിയുടെ മുഖമുദ്ര. പല നേതാക്കളുടേയും പ്രസ്താവനകള്‍ അതിരുവിട്ട കാലത്തുപോലും വളരെ കരുതലോടെ മുന്നോട്ട് പോയ വ്യക്തിയാണ് കോടിയേരി. ‘തിരുവായ്‌ക്കെതിർവാ’ പോലുള്ള രാഷ്ട്രീയ നേതാക്കൾക്കിടയിൽ സമവായത്തിന്റെ ശൈലി പരീക്ഷിച്ച് വിജയിച്ച കോടിയേരിയുടെ നിലപാട് പാറ പോലെ ഉറച്ചുനിൽക്കും.

 

Print Friendly, PDF & Email

Leave a Comment

More News